ദുബായ് നഗരം പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങുന്നത് ഏറ്റവും വിപുലമായ ആഘോഷങ്ങളോടെയാണ്. ഡിസംബർ 31ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 40 കേന്ദ്രങ്ങളിൽ 48 വെടിക്കെട്ടുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം 36 കേന്ദ്രങ്ങളിലായിരുന്ന ആഘോഷം ഒരുക്കിയത് എങ്കിൽ ഇക്കുറി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്.
ബുർജ് ഖലീഫയെയും ഡൗൺടൗൺ ദുബായെയും കൂടാതെ ബുർജ് അൽ അറബ്, പാം ജുമൈറ, ദുബായ് ഫ്രെയിം, എക്സ്പോ സിറ്റി, ഗ്ലോബൽ വില്ലേജ്, ദുബായ് ഫെസ്റ്റിവൽ സിറ്റി, ദുബായ് ക്രീക്ക് ഹാർബർ, ബ്ലൂവാട്ടേഴ്സ് (ജെബിആർ), അൽ സീഫ്, ഹത്ത, ടൗൺ സ്‌ക്വയർ, ലാ മെർ എന്നിവിടങ്ങളിൽ വെടിക്കെട്ടോടെ ഇത്തവണ ആകാശം വർണാഭമാകും. ദുബായ് ഗ്ലോബൽ വില്ലേജിൽ ഒറ്റ രാത്രിയിൽ ഏഴ് തവണ പുതുവർഷ പിറവി ആഘോഷിക്കും. ആദ്യം യു എ ഇ സമയം 8 മണിക്ക് ചൈന, തായ്‌ലൻഡ് 9 PM, ബംഗ്ലാദേശ് 10 PM, ഇന്ത്യ 10.30 PM, പാകിസ്ഥാൻ 11 PM, യു എ ഇ 12 PM. തുർക്കി 1 AM എന്നിങ്ങനെയാണ് മാനത്ത് കരിമരുന്ന് പ്രയോഗങ്ങൾ നടക്കുക.
ആഘോഷങ്ങൾ സുരക്ഷിതമാക്കാൻ വിവിധ കേന്ദ്രങ്ങളിൽ 23,386 പേരടങ്ങുന്ന വൻ സുരക്ഷാ സേനയെയാണ് വിന്യസിച്ചിരിക്കുന്നത്. കരയിലും കടലിലും ഒരുപോലെ നിരീക്ഷണം ഉറപ്പാക്കാൻ രണ്ടായിരത്തോളം പട്രോളിങ് വാഹനങ്ങളും അൻപതിൽ അധികം മറൈൻ ബോട്ടുകളും സദാസമയവും രംഗത്തുണ്ടാകും. സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരും അഗ്നിശമന വാഹനങ്ങളും നഗരത്തിൽ ഉടനീളം ഉണ്ടാകും.

