തൃശ്ശൂർ: പാർട്ടി നേതൃത്വം പണം വാങ്ങി മേയർ പദവി വിറ്റെന്ന ഗുരുതര ആരോപണ ഉന്നയിച്ച തൃശ്ശൂരിലെ കൗൺസിലർ ലാലി ജയിംസിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു. ഡിസിസി പ്രസിഡന്റ് പണംവാങ്ങിയാണ് മേയർ സ്ഥാനം നൽകിയതെന്നാണ് ആരോപണം ഉന്നയിച്ചത്.
ഡോ.നിജി ജസ്റ്റിനെ മേയറായി കോൺഗ്രസ് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ലാലി വിമർശനം ഉന്നയിച്ച് രംഗത്തെത്തിയത്. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെപിസിസി ആണ് നടപടി സ്വീകരിച്ചത്.
ജില്ലയിലെ പാർട്ടി നേതൃത്വത്തിനെതിരെയായിരുന്നു ആരോപണം ഉന്നയിച്ചത്. നിയുക്ത മേയർ നിജി ജസ്റ്റിനും ഭർത്താവും പണപ്പെട്ടിയുമായി എഐസിസി നേതാക്കളെ പോയി കണ്ടെന്നും പണം ഇല്ലാത്തതിന്റെ പേരിൽ പാർട്ടി തന്നെ തഴയുകയായിരുന്നെന്നും ലാലി ജെയിംസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കെ.സി. വേണുഗോപാൽ ഇടപെട്ടുവെന്നും ലാലി ആരോപിച്ചിരുന്നു.
എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് നിജി ജസ്റ്റിൻ പറഞ്ഞു. ലാലിയുടെ വിമർശനങ്ങൾക്ക് പാർട്ടി നേതൃത്വം കൃത്യമായ മറുപടി നൽകുമെന്നും നിജി ജസ്റ്റിൻ വ്യക്തമാക്കി.

