നിർണ്ണായകമായ കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വമ്പൻ തിരിച്ചുവരവ്. എൻഡിഎയുടെ മുന്നേറ്റവും പ്രകടമായി. ഇക്കുറി അപ്രതീക്ഷിത തിരിച്ചടിയാണ് എൽഡിഎഫ് നേരിട്ടത്. 30 വർഷത്തെ പഞ്ചായത്തീ രാജ് തിരഞ്ഞെടുപ്പിന്റെ ചരിത്രത്തിൽ ഒരു പക്ഷേ ആദ്യമായായിരിക്കും യു.ഡി.എഫ് ഇത്തരത്തിലൊരു മുന്നേറ്റമുണ്ടാക്കുന്നത്. മൂന്നാം തുടര്‍ഭരണമെന്ന ലക്ഷ്യവുമായി തദ്ദേശ തെരഞ്ഞെടുപ്പിനിറങ്ങിയ ഇടതു ജനാധിപത്യ മുന്നണിയാക്കാകട്ടെ നേരിട്ടത് കനത്ത തിരിച്ചടിയും. സിപിഎമ്മിന് സമഗ്രാധിപത്യമുണ്ടായിരുന്നിടങ്ങളിൽ പോലും വലിയ തിരിച്ചടി നേരിട്ടു. ക്ഷേമ പെൻഷനും വികസന നേട്ടങ്ങളും പറഞ്ഞ് വോട്ടിനിറങ്ങിയ എൽഡിഎഫിന് അതൊന്നും നേട്ടമുണ്ടാകുന്ന തരത്തിലേക്ക് ഉയർത്താൻ കഴിഞ്ഞില്ല.
ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻഡിഎയ്ക്കാണ് ഈ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇരട്ടി മധുരം നേടാനായത്. തലസ്ഥാന നഗരത്തെ കോർപ്പറേഷൻ ഭരണമുൾപ്പെടെ മികച്ച മുന്നേറ്റമാണ് എൻഡിഎ സംസ്ഥാനത്തുടനീളം കാഴ്ചവച്ചത്. കേരള ചരിത്രത്തിൽ തന്നെ ആദ്യമായാണ് ബിജെപി ഒരു കോർപ്പറേഷൻ പിടിക്കുന്നത്.
കേരളത്തിലെ ആറ് കോർപ്പറേഷനുകളിൽ നാലും യു.ഡി.എഫ് പിടിച്ചു. കൊച്ചി, കൊല്ലം , കണ്ണൂർ, തൃശൂർ കോർപ്പറേഷനുകളിൽ യു.ഡി.എഫ് ഭരണം പിടിച്ചപ്പോൾ കോഴിക്കോട് മാത്രമാണ് എൽഡിഎഫിനൊപ്പം നിന്നത്. തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ചുകൊണ്ട് ചരിത്രത്തിലാദ്യമായി ബിജെപി കേരളത്തിലെ ഒരു കോർപ്പറേഷന്റെ ഭരണതലപ്പത്തെത്തുകയാണ്. എൽഡിഎഫിന്‍റെ കോട്ടയായ കൊല്ലം, കൊച്ചി, തൃശ്ശൂർ, കണ്ണൂർ കോർപ്പറേഷനുകളുടെ ഭരണമാണ് യു.ഡി.എഫ് ഇത്തവണ പിടിച്ചെടുത്തു എന്നുള്ളതും ശ്രദ്ധേയമാണ്. കാസർകോട് മുതൽ തിരുവനന്തപുരം വരെ യുഡിഎഫ് ശക്തമായ മുന്നേറ്റം നടത്തിയപ്പോൾ, എൻഡിഎയും നിർണായക നേട്ടങ്ങൾ കൈവരിച്ചു.
ശബരിമല, ഭരണവിരുദ്ധ വികാരം എന്നിവ തിരിച്ചടിയായെന്നാണ് പ്രാഥമിക വിലയിരുത്തൽ. തദ്ദേശ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാകുമെന്ന പാർട്ടി വിലയിരുത്തലിൽ നിന്നാണ് അപ്രതീക്ഷിതമായ തകർച്ച നേരിട്ടതെന്നതും ശ്രദ്ധേയം. അതേസമയം, ശബരിമല, ഭരണപരാജയം എന്നിവ മുൻനിർത്തിയായിരുന്നു യുഡിഎഫ് പ്രചാരണം. തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ സേവനങ്ങളുടെ ഫീസ് വർധന, വിലക്കയറ്റം തുടങ്ങിയവും യുഡിഎഫ് പ്രചാരണായുധമാക്കി. രാഹുൽ മാങ്കൂട്ടം വിഷയം ശബരിമല സ്വർണപ്പാളി വിവാദമുപയോഗിച്ച് പ്രതിരോധിച്ചത് ഫലം കണ്ടുവെന്നതാണ് ഫലം സൂചിപ്പിക്കുന്നത്.

