നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കോടതി കുറ്റവിമുക്തനായി പ്രഖ്യാപിച്ചതിന് പിന്നാലെ കേസിലെ വിധിയിൽ താൻ അതിജീവിതയ്ക്ക് ഒപ്പമാണ് എന്ന് ശശി തരൂർ. കേസിൽ ഏട്ടാം പ്രതിയായിരുന്നു ദിലീപ്. നീതി കിട്ടിയിട്ടില്ലെന്ന് നടിയ്ക്ക് തോന്നുന്നുണ്ടാകും, അതുകൊണ്ട്തന്നെ സർക്കാർ അപ്പീലിന് പോകുന്നതാണ് ശരിയെന്നും ശശി തരൂർ പറഞ്ഞു. ഇതിൽ ന്യായത്തിന്റെ പക്ഷമാണ് പിടിക്കേണ്ടത്. ഏതെങ്കിലും ഒരു വശം പിടിക്കേണ്ടതില്ല. നീതി കിട്ടിയിട്ടില്ല എന്ന് നടിക്ക് തോന്നുന്നുണ്ടാകുമെന്നും നിയമനടപടികൾ നടക്കട്ടെയെന്നും തരൂർ കൂട്ടിച്ചേർത്തു.
തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് ശശി തരൂർ ഈ വിഷയത്തിൽ പ്രതികരണം നടത്തിയത്. നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയിൽ നടൻ ദിലീപിന് പിന്തുണ അറിയിച്ചു കൊണ്ടുള്ള യുഡിഎഫ് കൺവീനറുടെ പരാമർശത്തിൽ, യുഡിഎഫ് കൺവീനർ പറഞ്ഞത് അദ്ദേഹത്തോട് ചോദിക്കൂ എന്നായിരുന്നു തരൂരിന്റെ മറുപടി.

