കൊച്ചി: അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് ജാമ്യമില്ല. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ബലാത്സംഗക്കേസിലെ പരാതിക്കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസിലാണ് പ്രതിയായ രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തിരുവനന്തപുരം ചീഫ് അഡീഷണൽ മജിസ്‌ട്രേറ്റ് കോടതി തള്ളിയത്.
അന്വേഷണത്തിൻ്റെ പ്രാഥമിക ഘട്ടമായതിനാൽ ജാമ്യം അനുവദിക്കാനാകില്ലെന്നും, പ്രതിക്കെതിരെ പ്രോസിക്യൂഷൻ ഉന്നയിച്ച വാദങ്ങൾ തള്ളിക്കളയാനാകില്ലെന്നും കോടതി വ്യക്തമാക്കി. രാഹുൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും നിരാഹാര സമരത്തിലായതിനാൽ ചോദ്യം ചെയ്യാൻ കഴിഞ്ഞില്ലെന്നും ജാമ്യം എതിർത്ത് പ്രോസിക്യൂഷൻ കോടതിൽ ചൂണ്ടിക്കാട്ടിയിരുന്നു. പൂജപ്പുര ജയിലിൽ കഴിയുന്ന രാഹുൽ ഈശ്വറിനെ കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു. നിരാഹാര സമരത്തിലുള്ള രാഹുലിന്റെ ആരോഗ്യനില മോശമായതിനെ തുടർന്നായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിജീവിതയുടെ പരാതിയിൽ തിരുവനന്തപുരം സൈബർ പൊലീസ് ആണ് രാഹുൽ ഈശ്വറിനെ കസ്റ്റഡിയിലെടുത്തത്.

