ഇൻഡിഗോ പ്രതിസന്ധി മൂലമുണ്ടായ തടസ്സങ്ങൾക്കിടയിലുണ്ടായ വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ നടപടിയെടുത്ത് കേന്ദ്രം. പുതുതായി നിശ്ചയിച്ചിട്ടുള്ള നിരക്ക് പരിധി കർശനമായി പാലിക്കാൻ കേന്ദ്രം എല്ലാ വിമാനക്കമ്പനികൾക്കും നിർദ്ദേശം നൽകി. “അവസരവാദപരമായ വിലനിർണ്ണയത്തിൽ” നിന്ന് യാത്രക്കാരെ സംരക്ഷിക്കുന്നതിനായി പുറത്തിറക്കിയ ഉത്തരവിൽ, നിർദ്ദിഷ്ട മാനദണ്ഡങ്ങളിൽ നിന്ന് നിരക്ക് നിലവാരത്തിൽ എന്തെങ്കിലും വർദ്ധനവ് ഉണ്ടായാൽ ഉടനടി നടപടി സ്വീകരിക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
“നിലവിലുള്ള തടസ്സങ്ങൾക്കിടയിൽ ചില വിമാനക്കമ്പനികൾ അസാധാരണമാംവിധം ഉയർന്ന വിമാനക്കൂലി ഈടാക്കുന്നത് സംബന്ധിച്ച ആശങ്കകൾ സിവിൽ ഏവിയേഷൻ മന്ത്രാലയം ഗൗരവമായി എടുത്തിട്ടുണ്ട്. ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്ന നിരക്ക് പരിധികൾ കർശനമായി പാലിക്കണമെന്ന് എല്ലാ വിമാനക്കമ്പനികൾക്കും ഔദ്യോഗിക നിർദ്ദേശം നൽകിയിട്ടുണ്ട്,” സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ നിർദ്ദേശത്തിൽ പറയുന്നു. സ്ഥിതിഗതികൾ പൂർണ്ണമായും സ്ഥിരത കൈവരിക്കുന്നതുവരെ ടിക്കറ്റ് വില പരിധി പ്രാബല്യത്തിൽ തുടരുമെന്ന് മന്ത്രാലയം അറിയിച്ചു. പുതിയ ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിധി (FDTL) മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തിൽ ക്രൂ റോസ്റ്ററുകൾ പുനഃക്രമീകരിക്കാൻ പാടുപെടുന്നതിനാൽ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇൻഡിഗോയുടെ ആയിരത്തിലധികം വിമാനങ്ങൾ റദ്ദാക്കിയിരുന്നു.
ഇതോടൊപ്പം യാത്രക്കാരുടെ ദുരിതത്തിന് ആക്കം കൂട്ടിയത് വിമാന ടിക്കറ്റ് നിരക്കുകളിലെ അമ്പരപ്പിക്കുന്ന കുതിച്ചുചാട്ടമാണ്. ചില റൂട്ടുകളിൽ യാത്രാനിരക്കുകളിൽ നാലിരട്ടി വർദ്ധനവ് ഉണ്ടായി. ഇൻഡിഗോ വിമാന റദ്ദാക്കലുകളുടെ കാര്യത്തിൽ വെള്ളിയാഴ്ചയാണ് ഏറ്റവും മോശം സ്ഥിതിയുണ്ടായത്. ഏകദേശം 1,000 എണ്ണം റദ്ദാക്കി.
ഡൽഹി, മുംബൈ, കൊൽക്കത്ത, ബെംഗളൂരു തുടങ്ങിയ മെട്രോ നഗരങ്ങളിലേക്കുള്ള ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾ മൂന്നിരട്ടിയും നാലിരട്ടിയുമായി വർദ്ധിച്ചിരുന്നു. നോൺ-സ്റ്റോപ്പ് ഡൽഹി-മുംബൈ വിമാനത്തിന്റെ ടിക്കറ്റ് നിരക്ക് 65,460 രൂപയായി ഉയർന്നു. വൺ-സ്റ്റോപ്പ് ഓപ്ഷനുകൾക്ക് 38,376 രൂപ മുതൽ 48,972 രൂപ വരെയായിരുന്നു വില. കൂടാതെ, ഡിസംബർ 6-ന് കൊൽക്കത്ത-മുംബൈ വൺവേ, വൺ-സ്റ്റോപ്പ് ഇക്കണോമി ക്ലാസ് വിമാന ടിക്കറ്റിന് 90,000 രൂപയായിരുന്നു വില. ബെംഗളൂരു-ന്യൂഡൽഹി നിരക്കുകളും 88,000 രൂപയായി ഉയർന്നു. പ്രതിസന്ധി ലഘൂകരിക്കുന്നതിനായി സർക്കാർ അധിക ട്രെയിനുകൾ സർവീസ് ആരംഭിച്ചു.
വിപണിയിൽ വിലനിർണ്ണയ അച്ചടക്കം പാലിക്കുകയും ദുരിതത്തിലായ യാത്രക്കാരെ ചൂഷണം ചെയ്യുന്നത് തടയുകയും ചെയ്യുക എന്നതാണ് ഈ നിർദ്ദേശത്തിന്റെ ലക്ഷ്യമെന്ന് സർക്കാർ അതിന്റെ നിർദ്ദേശത്തിൽ പറഞ്ഞു.

