തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മേയർ ആര്യ രാജേന്ദ്രനെയും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയേയും ഒഴിവാക്കി പൊലീസിന്റെ കുറ്റപത്രം. മേയറുടെ സഹോദരന്‍ അരവിന്ദിനെ മാത്രമാണ് നിലവില്‍ പ്രതി ചേർത്തിട്ടുള്ളത്. അരവിന്ദിന്റെ ഭാര്യയേയും കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മേയറും എംഎൽഎയും കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിനെ അസഭ്യം പറഞ്ഞിട്ടില്ലെന്നും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിട്ടില്ലെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്. യദുവിന്റെ സ്വകാര്യ ഹര്‍ജി പരിഗണിച്ച് കോടതിയുടെ നിര്‍ദേശപ്രകാരമായിരുന്നു കേസ് എടുത്തത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണയിലാണ് കേസ്.
2024 ഏപ്രിൽ മാസത്തിൽ പാളയത്ത് വെച്ചായിരുന്നു തിരുവനന്തപുരം മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വാക്കേറ്റമുണ്ടായത്. പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയിൽ ഓടിച്ചെന്നും പിന്നാലെ ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്നും ആരോപിച്ച് മേയറും ഡ്രൈവർക്കെതിരെ പരാതി നൽകിയിരുന്നു. ആര്യ രാജേന്ദ്രൻറെ പരാതിയിൽ യദുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഈ കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്നാണ് വിവരം.
കെഎസ്ആർടിസി ബസിന് കുറുകെ കാർ നിർത്തി ജോലി തടസപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് കാണിച്ചാണ് ഏപ്രിൽ 27 ന് യദു പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ പൊലീസ് ആദ്യം തയ്യാറായിരുന്നില്ല. പിന്നീട് കോടതിയെ സമീപിച്ചതോടെയാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. തനിക്കെതിരായ കേസിൽ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ താൻ നൽകിയ കേസിൽ മെല്ലപ്പോക്കാണെന്ന് യദു നേരത്തെ പരാതിപ്പെട്ടിരുന്നു.

