ജമ്മു കശ്മീരിലെ ശ്രീ മാതാ വൈഷ്‌ണോ ദേവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എക്‌സലൻസിൽ (SMVDIME) 84 ശതമാനം സീറ്റുകളിൽ മുസ്ലീം വിദ്യാർഥികൾക്ക് പ്രവേശനം നൽകിയതിനെതിരേ ബിജെപി ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചു. റിയാസി ജില്ലയിലെ തെരുവുകളിൽ വലതുപക്ഷ സംഘടനകൾ പ്രകടനം നടത്തി ദിവസങ്ങൾക്ക് ശേഷമാണ് ബിജെപി ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചത്.
ജമ്മു കശ്മീർ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുനിൽ ശർമയുടെ നേതൃത്വത്തിലുള്ള ഒരു പ്രതിനിധി സംഘം ശനിയാഴ്ച ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയെ കണ്ട് പ്രവേശന മാനദണ്ഡങ്ങൾ പുനഃപരിശോധിക്കണമെന്നും തിരുത്തൽ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്ന നിവേദനം സമർപ്പിച്ചു.
2025-26 അധ്യയന വർഷത്തേക്കുള്ള ആദ്യ എംബിബിഎസ് സീറ്റ് അലോക്കേഷൻ ലിസ്റ്റ് മെഡിക്കൽ കോളേജ് പുറത്തിറക്കിയതിന് പിന്നാലെയാണ് വിവാദത്തിന് തുടക്കമിട്ടത്. 50 പേരടങ്ങുന്ന ആദ്യ ബാച്ചിൽ പ്രവേശനം നേടിയ 42 പേരും മുസ്ലീം വിദ്യാർഥികളാണ്. ശ്രീ മാതാ വൈഷ്‌ണോ ദേവി ക്ഷേത്ര ബോർഡ് ധനസഹായം നൽകുന്ന ഒരു സ്ഥാപനം ഹിന്ദു വിദ്യാർഥികൾക്ക് മുൻഗണന നൽകണമെന്ന് ഹിന്ദുസംഘടനകൾ വാദിച്ചു. സമുദായാടിസ്ഥാനത്തിലുള്ള സംവരണം അനുവദിക്കുന്നതിനായി സ്ഥാപനത്തെ ഒരു ന്യൂനപക്ഷ സ്ഥാപനമായി പ്രഖ്യാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഉദംപൂരിൽ നിന്നുള്ള ബിജെപി എംഎൽഎയായ ആർ.എസ്. പഠാനിയ ഇതേ ആശങ്കകൾ ആവർത്തിക്കുകയും ചെയ്തു.

