മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ പുകഴ്ത്തി കോൺഗ്രസ് എംപി ശശി തരൂർ നടത്തിയ പരാമർശം വിവാദമാവുന്നു. മുൻ ഉപപ്രധാനമന്ത്രി ലാൽ കൃഷ്ണ അദ്വാനിയുടെ രാഷ്ട്രീയ പാരമ്പര്യത്തെ പ്രതിരോധിച്ചുകൊണ്ടാണ് തരൂരിന്റെ പരാമർശം. ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി എന്നിവരെ പോലെ, ബിജെപി നേതാവിന്റെ പതിറ്റാണ്ടുകളുടെ പൊതുസേവനത്തെ ഒരൊറ്റ സംഭവത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തരുതെന്ന് തരൂർ പറഞ്ഞു.
“അദ്ദേഹത്തിന്റെ നീണ്ട സേവനകാലത്തെ ഒരു ഘട്ടത്തിലേക്ക് ചുരുക്കുന്നത്, അത് എത്ര പ്രധാനമാണെങ്കിലും, അന്യായമാണ്. ചൈനയുടെ തിരിച്ചടി കൊണ്ട് മാത്രം നെഹ്‌റുവിന്റെയും അടിയന്തരാവസ്ഥ കൊണ്ട് മാത്രം ഇന്ദിരാഗാന്ധിയുടെയും കരിയർ നിർവചിക്കാൻ കഴിയാത്തതുപോലെ, അതേ നീതി അദ്വാനിജിയോടും കാണിക്കണം,” തരൂർ എക്‌സിൽ എഴുതി.
ബിജെപിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായ അദ്വാനിയുടെ 98-ാം ജന്മദിനത്തിൽ ആശംസകൾ നേർന്നതിന് തൊട്ടുപിന്നാലെയാണ് കോൺഗ്രസ് എംപിയുടെ പരാമർശം. അദ്വാനിയുടെ “പൊതുസേവനത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത”യെ തരൂർ പോസ്റ്റിലൂടെ പ്രശംസിച്ചു.
“ആദരണീയനായ ശ്രീ എൽ കെ അദ്വാനിക്ക് 98-ാം ജന്മദിനാശംസകൾ! പൊതുസേവനത്തോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത, എളിമ, മാന്യത, ആധുനിക ഇന്ത്യയുടെ പാത രൂപപ്പെടുത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് എന്നിവ മായാത്തതാണ്. സേവന ജീവിതം മാതൃകാപരമാക്കിയ ഒരു യഥാർത്ഥ രാഷ്ട്രതന്ത്രജ്ഞൻ,” തരൂർ എഴുതി.
എൽ.കെ. അദ്വാനിയുടെ നീണ്ട പൊതുജീവിതത്തെ പ്രശംസിച്ച തരൂരിന്റെ പ്രസ്താവനയ്ക്ക് ഓൺലൈനിൽ വലിയ വിമർശനമാണ് നേരിടേണ്ടി വന്നത്. “ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തിൽ ബിജെപി നേതാവിന്റെ പങ്കിനെ വെള്ളപൂശുകയാണ്” കോൺഗ്രസ് എംപി ചെയ്തതെന്ന് ആരോപിച്ചുകൊണ്ടാണ് വിമർശകർ രംഗത്തെത്തിയത്.

