പട്ന: 121 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ബിഹാറിൽ നാളെ നടക്കും. ആദ്യഘട്ട വോട്ടെടുപ്പിൽ 1314 സ്ഥാനാർത്ഥികളാണ് ഉള്ളത്. ഇന്നലെ പരസ്യപ്രചാരണം അവസാനിച്ചു. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ്, ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി, വിജയ് കുമാര്‍ സിന്‍ഹ ഉള്‍പ്പെടെയുള്ള നേതാക്കളാണ് നാളെ ജനവിധി തേടുന്നത്. ഇതിനിടയിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ മുന്നണികൾ പ്രചാരണം കൊഴുപ്പിക്കുകയാണ്. മൂന്നു കോടി 75 ലക്ഷം വോട്ടര്‍മാരാണുള്ളത്.
ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് നവംബർ 6 നും രണ്ടാം ഘട്ട വോട്ടെടുപ്പ് നവംബർ 11 നും നടക്കും.
നവംബർ 6 ന് രാവിലെ 7 മുതൽ വൈകുന്നേരം 5 വരെ ആദ്യ ഘട്ട പോളിംഗ് നടക്കും. വൈകുന്നേരം 5 മണിക്ക് ക്യൂവിൽ നിൽക്കുന്ന വോട്ടർമാർക്ക് വോട്ട് ചെയ്യാൻ അനുവാദമുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം 14 നാണ് ഫലപ്രഖ്യാപനം.
വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ നേതാക്കളെല്ലാം നിശബ്ദ പ്രചാരണത്തിന്റെ തിരക്കിലാണ്. വീടുകൾ കയറിയുള്ള പ്രചാരണങ്ങളാണ് ഇന്ന് നടക്കുന്നത്. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ് രാഘോപൂരില്‍ നിന്നും ബിജെപിയുടെ ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൌധരി താരാപൂരില്‍ നിന്നും വിജയ് കുമാര്‍ സിന്‍ഹ ലഖിസരായില്‍ നിന്നുമാണ് മല്‍സരിക്കുന്നത്. തേജസ്വിയുടെ സഹോദരന്‍ തേജ് പ്രതാപ് യാദവ് മഹുവയില്‍ നിന്നാണ് പോരാടുന്നത്.
സ്ത്രീകൾക്ക് സർക്കാര്‍ ജോലിയില്‍ 35 ശതമാനം സംവരണം. 10,000 രൂപ വീതമുള്ള പ്രത്യേക സഹായമടക്കമുള്ള പദ്ധതികള്‍ തിരഞ്ഞെടുപ്പിന് മുന്‍പു തന്നെ നിതീഷ് കുമാര്‍ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. ഇതിനിടയിൽ സ്ത്രീകള്‍ക്ക് 30,000 രൂപ അടുത്ത ജനുവരിയില്‍ തന്നെ അക്കൗണ്ടിലേക്ക് നല്‍കുമെന്നാണ് പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ തേജസ്വി യാദവ് പ്രഖ്യാപിച്ചത്.

