ആർജെഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ നിർണ്ണായക തീരുമാനം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ഇതോടെ ബിഹാറിലെ മഹാസഖ്യത്തിൽ നിലനിന്ന അസ്വാരസ്യങ്ങൾക്കും ഭിന്നതകൾക്കും ഇന്ന് വിരാമമാകും.
മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തേജസ്വി യാദവ് സ്വയം പ്രഖ്യാപിച്ചതിനെ തുടർന്ന് സഖ്യത്തിൽ ആശയക്കുഴപ്പം ഉടലെടുത്തിരുന്നു. എന്നാൽ, തർക്കങ്ങളെല്ലാം അവസാനിപ്പിച്ച് മുന്നോട്ട് പോകാനാണ് കോൺഗ്രസിന്റെ തീരുമാനം. സഖ്യത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനും സീറ്റ് വിഭജനത്തിൽ പരമാവധി വിട്ടുവീഴ്ച ചെയ്യാനും കോൺഗ്രസ് തയ്യാറായതോടെയാണ് പ്രതിസന്ധിക്ക് അയവ് വന്നത്.
നിലവിൽ 12 സീറ്റുകളിൽ സഖ്യത്തിലെ സ്ഥാനാർത്ഥികൾ പരസ്പരം മത്സരിക്കുന്നുണ്ട്. ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുകൊണ്ട് സീറ്റ് വിഭജന ധാരണയും മുഖ്യമന്ത്രി സ്ഥാനാർത്ഥി പ്രഖ്യാപനവും പട്‌നയിൽ നടക്കുന്ന സംയുക്ത വാർത്താസമ്മേളനത്തിൽ ഉണ്ടാകുമെന്നാണ് സൂചന.
അതേസമയം, എൻഡിഎ മുന്നണി സംസ്ഥാനത്ത് പ്രചാരണം ശക്തമാക്കിക്കഴിഞ്ഞു. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ ഇന്ന് ബിഹാറിലെത്തും. തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് മഹാസഖ്യത്തിലെ ഈ നിർണ്ണായക നീക്കം.