രാഷ്ട്രപതിയുടെ ശബരിമല ദർശനത്തെ വിമർശിക്കുന്ന തരത്തിലുള്ള വാട്ട്സ്ആപ്പ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്തതിനെ തുടർന്ന് ആലത്തൂർ ഡിവൈഎസ്പി ആർ. മനോജ് കുമാറിനെതിരെ നടപടി വരാൻ സാധ്യത.ഇത് സംബന്ധിച്ച് പാലക്കാട് എസ്.പി. ഡിവൈഎസ്പിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ലഭിച്ച വിശദീകരണം തൃപ്തികരമല്ലെങ്കിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് സൂചനയുണ്ട്.
ഡിവൈഎസ്പി ആർ. മനോജ് കുമാർ നൽകിയ വിശദീകരണത്തിൽ, ട്രെയിൻ യാത്രയ്ക്കിടെ വാട്ട്സ്ആപ്പിൽ ലഭിച്ച ഒരു കുറിപ്പ് അബദ്ധവശാൽ സ്റ്റാറ്റസായി ചേർന്നതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി ഇന്ന് രാവിലെ 11 മണിക്ക് ആലത്തൂർ ഡിവൈഎസ്പി ഓഫീസിലേക്ക് മാർച്ച് നടത്തും.