ജയ്പൂർ: രാജസ്ഥാനിലെ ജയ‌്സാൽമീറിൽ ഓടുന്ന ബസിന് തീ പിച്ച് അപകടം. 20 ഓളം പേർ മരിച്ചതായാണ് വിവരം. ഓടിക്കൊണ്ടിരുന്ന സ്വകാര്യ എസി സ്ലീപ്പർ ബസിനാണ് തീപിടിച്ചത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. പൊള്ളലേറ്റ നിരവധി യാത്രക്കാരെ ജോധ്പൂരിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. ജയ‌്സാൽമീർ-ജോധ്പൂർ ഹൈവേയിലായിരുന്നു സംഭവം.
‘ജയ്‌സാൽമീറിൽ നിന്ന് ജോധ്പൂരിലേക്ക് പോയ സ്വകാര്യ കമ്പനിയുടെ എസി സ്ലീപ്പർ ബസാണ് അപകടത്തിൽ പെട്ടത്. ജില്ലാ ഭരണകൂടം ഹെൽപ്പ് ലൈൻ തുറന്നിട്ടുണ്ട്. മരിച്ചവരെ തിരിച്ചറിയാൻ യാത്രക്കാരുടെ കുടുംബാംഗങ്ങൾ മുന്നോട്ട് വരണമെന്ന് അഭ്യർത്ഥിക്കുന്നു,’ കളക്ടർ പ്രതാപ് സിംഗ് പറഞ്ഞു. നിമിഷ നേരങ്ങൾക്കുള്ളിൽ ബസിനെയാകെ തീ വിഴുങ്ങുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. നിരവധി യാത്രക്കാർ ബസിന്റെ ജനാലകളിലൂടെ ചാടി രക്ഷപെട്ടു. മൃതദേഹങ്ങൾ തിരിച്ചറിയാൻ യാത്രക്കാരുടെ കുടുംബാംഗങ്ങളോട് ആശുപത്രികളിലേക്ക് എത്താൻ ജയ്‌സാൽമീർ ജില്ലാ കളക്ടർ അഭ്യർത്ഥിച്ചിട്ടുണ്ട്.
ദാരുണ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ദുരിതമനുഭവിക്കുന്നവർക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പമുണ്ടെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി 2 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റ യാത്രക്കാരെ ആദ്യം മൂന്ന് ആംബുലൻസുകളിലായി ജയ്‌സാൽമീറിലെ ജവഹർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പിന്നീട് എല്ലാവരെയും ജോധ്പൂരിലേക്ക് കൊണ്ടുപോയി. നിരവധി യാത്രക്കാർക്ക് 70 ശതമാനം വരെ പൊള്ളലേറ്റതായി വൃത്തങ്ങൾ അറിയിച്ചു. അപകടം നടക്കുമ്പോൾ ബസിൽ 57 യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.