ഗാസ സമാധാന കരാറിന്റെ ഭാഗമായുള്ള ബന്ദി മോചനം തുടങ്ങി ഇസ്രയേലും ഹമാസും. ആദ്യ ഘട്ടമെന്ന നിലയിൽ ഏഴ് ബന്ദികളെ ഹമാസ് റെഡ് ക്രസന്റിന് വിട്ട് നൽകി. ആകെയുള്ള 20 ബന്ദികളെയും തിങ്കളാഴ്ച തന്നെ ഹമാസ് മോചിപ്പിക്കും. ഇസ്രയേലിൽ നിന്നുള്ള 200ഓളം പലസ്തീൻ തടവുകാരെയും ഇന്ന് മോചിപ്പിക്കും.
108 പലസ്തീൻ തടവുകാരെ ഇസ്രയേൽ സൈനിക ജയിലായ ഒഫറിൽ നിന്നും 142 തടവുകാരെ നെഗെവിലെ ക്റ്റ്സിഒറ്റ് ജയിലിൽ നിന്നും മോചിപ്പിക്കും. ഒഫറിൽ നിന്ന് മോചിപ്പിക്കുന്നവരെ ഗാസയിലേക്കോ അധിനിവേശ വെസ്റ്റ് ബാങ്കിലേക്കോ ആയിരിക്കും കൊണ്ടുപോകുക.
നേരത്തെ ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം അവസാനിച്ചെന്ന് സമാധാന ഉച്ചകോടിയ്ക്ക ഈജിപ്തിലേക്ക് പുറപ്പെടും മുൻപേ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ നിലനില്ക്കും. ഗാസയ്ക്കായി ഒരു സമാധാന സമിതി വേഗത്തിൽ സ്ഥാപിക്കും. ഗാസയുടെ പുനരുദ്ധാരണം വേഗത്തിലാക്കുമെന്നും ട്രംപ് പറഞ്ഞു.