ചെന്നൈ: തമിഴ്‌നാട്ടിലെ കരൂർ തിക്കിലും തിരക്കിലും പെട്ട് നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് വിട്ടു. കോടതി മേൽനോട്ടത്തിൽ ആയിരിക്കും അന്വേഷണം നടക്കുക. മുൻ ജഡ്ജി അജയ രസ്തോഗി അധ്യക്ഷനായ സമിതിയാണ് കേസന്വേഷണത്തില്‍ മേൽനോട്ടം വഹിക്കുക. സ്വതന്ത്ര അന്വേഷണമാവശ്യപ്പെട്ട് ടി വി കെ നല്‍കിയ ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവ്. ജസ്റ്റിസുമാരായ ജെകെ.മഹേശ്വരി, എന്‍വി.അന്‍ജാരിയ എന്നിവരുടെ ബെഞ്ചിന്‍റേതാണ് ഉത്തരവ്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും സുപ്രീംകോടതി മുന്‍ ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
സിബിഐ അന്വേഷണം നിരീക്ഷിക്കുന്നതിനും അവലോകനം ചെയ്യുന്നതിനുമായി മൂന്നംഗ മേൽനോട്ട സമിതിയും കോടതി രൂപീകരിച്ചു. മുൻ സുപ്രീം കോടതി ജഡ്ജി അജയ് റസ്തോഗിയുടെ നേതൃത്വത്തിലായിരിക്കും ഈ സമിതിയിൽ രണ്ട് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടുക. പ്രത്യേകിച്ച് സംസ്ഥാനത്ത് താമസിക്കാത്ത തമിഴ്‌നാട് കേഡറിൽ നിന്നുള്ളവരാകും ഇവർ. തിക്കിലും തിരക്കിലും പെട്ട കേസുമായി ബന്ധപ്പെട്ട ഏത് കാര്യത്തിലും അന്വേഷണങ്ങൾ നടത്താനും കോടതിക്ക് കഴിയും.