ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള എയർലൈനായ ഫ്ലൈ ദുബൈ വിമാനങ്ങളിലും പവർ ബാങ്കിന് നിയന്ത്രണം ഏർപ്പെടുത്തി. ഒക്ടോബർ മുതൽ വിമാനത്തിനകത്ത് പവർ ബാങ്ക് ഉപയോഗിക്കാൻ അനുവദിക്കില്ല. ഒക്ടോബർ ഒന്ന് മുതൽ ചെക്ക് ഇൻ ബാഗേജിൽ പവർ ബാങ്ക് ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ഫ്ലൈ ദുബൈ അധികൃതർ അറിയിച്ചു. എങ്കിലും 100 വാട്ട് അവർ ശേഷിയുള്ള ഒരു പവർ ബാങ്ക് സൂക്ഷിക്കാം. ഇക്കാര്യം പവർ ബാങ്കിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. യാത്ര ചെയ്യുമ്പോൾ പവർ ബാങ്ക് ഒരിക്കലും തലക്ക് മുകളിലുള്ള ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിക്കരുത്. പകരം സീറ്റിനടിയിലോ സീറ്റ് പോക്കറ്റുകളിലോ ഭദ്രമായി സൂക്ഷിക്കണം. വിമാനത്തിനുള്ളിൽ പവർ ബാങ്ക് ഉപയോഗിച്ച് ഏതെങ്കിലും ഉപകരണം ചാർജ് ചെയ്യാനോ വിമാനത്തിലെ ചാർജിങ് പോയന്റ് ഉപയോഗിച്ച് പവർ ബാങ്ക് ചാർജ് ചെയ്യാനോ അനുവദിക്കില്ല.
നേരത്തെ എമിറേറ്റ്സ് എയർലൈനിലും പവർ ബാങ്കിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ലിതിയം അയൺ, ലിതിയം പോളിമർ സെൽ ബാറ്ററികൾക്ക് തീപിടിക്കുന്നത് ഉൾപ്പെടെ സുരക്ഷ ഭീഷണികൾ സമീപകാലത്ത് വർധിച്ചിട്ടുണ്ട്. ബാറ്ററിക്ക് കേടുപാടുകൾ സംഭവിക്കുകയോ അമിതമായി ചാർജ് ചെയ്യുകയോ ചെയ്താൽ ‘തെർമൽ റൺ എവേ’ എന്ന പ്രതിഭാസം കാരണം ബാറ്ററി അമിതമായി ചൂടാവുകയും തീയോ സ്ഫോടനമോ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ൈഫ്ല ദുബൈ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് നിയമം കർശനമാക്കിയത്.