കരൂർ അപകടത്തിൽ ടി വി കെ അധ്യക്ഷൻ വിജയ്യുടെ കാരവാൻ പിടിച്ചെടുക്കണം എന്നും കാരവാന് ഉള്ളിലും പുറത്തുമുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കണമെന്നും മദ്രാസ് ഹൈക്കോടതി ഉത്തരവ്. കരൂരിൽ നടന്ന ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയാറായില്ലെന്ന് വിജയ്ക്കെതിരെയും ഉത്തരവിൽ വിമർശനം ഉണ്ട്. വിജയ് ഖേദം പ്രകടിപ്പിച്ച് ഒരു പോസ്റ്റ് പോലും ഇട്ടിരുന്നില്ല. മനുഷ്യജീവന് ടി വി കെ നൽകുന്ന വില എന്തെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. വിജയുടെ ഒളിച്ചോട്ടത്തിൽ അപലപിക്കുകയാണെന്നും കോടതി വ്യക്തമാക്കി.
ദുരന്തസ്ഥലത്ത് നിന്ന് ലഭ്യമായ എല്ലാ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കണമെന്നും കരൂർ എസ്ഐയുടെ കൈയിലുള്ള രേഖകൾ എല്ലാം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്നും മദ്രാസ് ഹൈക്കോടതി നിർദേശിച്ചു. ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളിയ കോടതി ഐപിഎസ് ഉദ്യോഗസ്ഥയായ അശ്ര ഗർഗിന് അന്വേഷണ ചുമതല നൽകി പ്രത്യേക സംഘത്തെ (എസ്ഐടി) നിയോഗിക്കുകയായിരുന്നു. സംഘത്തിൽ രണ്ട് വനിത പൊലീസ് ഉദ്യോഗസ്ഥരാണുള്ളത്.
അതേസമയം, മുൻകൂർ ജാമ്യപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തിൽ ടി വി കെ ജനറൽ സെക്രട്ടറി എൻ ആനന്ദ്, ജോയിന്റ് സെക്രട്ടറി സി ടി നിർമൽ കുമാർ എന്നിവരെ അറസ്റ്റ് ചെയ്തേക്കും. ഇവർ പൊലീസ് നിരീക്ഷണത്തിൽ ആണ്. പൊലീസിനെതിരെ വിമർശനം ഉണ്ടായെങ്കിലും കോടതി പരാമർശങ്ങളിൽ നേട്ടമുണ്ടായി എന്ന വിലയിരുത്തലിൽ ആണ് ഡിഎംകെ.