യു എ ഇ യിൽ നടക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് 2025 മത്സര ടിക്കറ്റുകൾ ഓഗസ്റ്റ് 29 ന് വൈകുന്നേരം 5 മണി മുതൽ ലഭ്യമാകുമെന്ന് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് വെബ്‌സൈറ്റിൽ അറിയിച്ചു. 2025 ഏഷ്യാ കപ്പിനുള്ള അബുദാബി മത്സരങ്ങൾക്ക് 40 ദിർഹം മുതലും ദുബായ് മത്സരങ്ങൾക്ക് 50 ദിർഹം മുതലുമാണ് ടിക്കറ്റുകൾ ആരംഭിക്കുന്നത്.
പ്ലാറ്റിനം ലിസ്റ്റ് വെബ്‌സൈറ്റിൽ ടിക്കറ്റുകൾ ലഭ്യമാകുമെന്ന് ബോർഡ് അറിയിച്ചു. വരും ദിവസങ്ങളിൽ ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലെയും അബുദാബിയിലെ സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിലെയും ടിക്കറ്റ് ഓഫീസുകളിലും ടിക്കറ്റുകൾ ലഭ്യമാകും. വിശദാംശങ്ങൾ യഥാസമയം പ്രഖ്യാപിക്കുമെന്ന് വെബ്‌സൈറ്റിലെ പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യ vs പാകിസ്ഥാൻ മത്സരത്തിനുള്ള ടിക്കറ്റുകൾ തുടക്കത്തിൽ ഏഴ് മത്സരങ്ങളുള്ള ടിക്കറ്റ് പാക്കേജിൽ ലഭ്യമാകും, 1,400 ദിർഹം മുതലാണ് പാക്കേജ് ടിക്കറ്റ് റേറ്റ് ആരംഭിക്കുന്നത്. ഏഴ് മത്സരങ്ങളുള്ള ടിക്കറ്റ് പാക്കേജിൽ ഉൾപ്പെടാത്ത ശേഷിക്കുന്ന ഓരോ മത്സരത്തിനും ആരാധകർക്ക് വെവ്വേറെ ടിക്കറ്റുകൾ വാങ്ങാവുന്നതാണ്.