റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിൽ സഹകരിക്കാൻ താൻ തയ്യാറാണെന്ന് യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. വെടിനിർത്തലിനേക്കാൾ “സമഗ്രമായ സമാധാന കരാറാണ്” പുടിൻ ഇഷ്ടപ്പെടുന്നതെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞതിന് പിന്നാലെയാണിത്. ഡൊണാൾഡ് ട്രംപിന്റെ ക്ഷണപ്രകാരം തിങ്കളാഴ്ച വാഷിംഗ്ടണിലേക്ക് പോകുമെന്ന് സെലെൻസ്‌കി പ്രസ്താവനയിറക്കി. ഫെബ്രുവരിയിൽ നടന്ന ഓവൽ ഓഫീസ് വിവാദത്തിന് ശേഷം ഈ വർഷം ഇരു നേതാക്കളും തമ്മിലുള്ള രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്.
അലാസ്കയിൽ നടന്ന ഉച്ചകോടിയിൽ യുക്രെയ്നിൽ വെടിനിർത്തൽ സംബന്ധിച്ച് ഒരു കരാറും ഉണ്ടാകാത്തതിനെത്തുടർന്ന് , വാഷിംഗ്ടണിലേക്കുള്ള മടക്കയാത്രയിൽ ട്രംപ് സെലെൻസ്‌കിയുമായും മറ്റ് യൂറോപ്യൻ നേതാക്കളുമായും സംസാരിച്ചു. യുക്രേനിയൻ നേതാവുമായുള്ള ഫോൺ സംഭാഷണം ഒരു മണിക്കൂറിലധികം നീണ്ടുനിന്നു.
പ്രസിഡന്റ് ട്രംപുമായി “ദീർഘവും അർത്ഥവത്തായതുമായ” സംഭാഷണം നടത്തിയതായി സെലെൻസ്‌കി പറഞ്ഞു. യുക്രൈൻ, റഷ്യ, അമേരിക്ക എന്നിവ തമ്മിലുള്ള ത്രികക്ഷി കൂടിക്കാഴ്ചയ്ക്കുള്ള ട്രംപിന്റെ നിർദ്ദേശത്തെയും അദ്ദേഹം പിന്തുണച്ചു. “സമാധാനം കൈവരിക്കുന്നതിന് പരമാവധി പരിശ്രമത്തോടെ പ്രവർത്തിക്കാനുള്ള സന്നദ്ധത ഉക്രെയ്ൻ വീണ്ടും ഉറപ്പിക്കുന്നു… സാഹചര്യത്തിന്റെ വികസനത്തിൽ അമേരിക്കയുടെ ശക്തി സ്വാധീനം ചെലുത്തേണ്ടത് പ്രധാനമാണ്,” സെലെൻസ്‌കി ട്വീറ്റ് ചെയ്തു.