യുഎഇയിലെ ഇന്ത്യൻ സ്‌ഥാനപതി സഞ്ജയ് സുധീർ അടുത്ത മാസം 30ന് സർവീസിലെ കാലാവധി പൂർത്തിയാക്കും. ഇന്നലെ നടത്തിയ സ്വതന്ത്ര്യ ദിന പ്രസംഗത്തിൽ ആണ് അദ്ദേഹം തന്റെ വിടവാങ്ങൽ പ്രഖ്യാപിച്ചത്.
2021 നവംബറിലാണ് സഞ്ജയ് സുധീർ ഇന്ത്യൻ സ്‌ഥാനപതിയുടെ ചുമതലയേറ്റത്. 3 വർഷവും 10 മാസവും ചുമതലയിൽ ഇരുന്ന അദ്ദേഹം സെപ്റ്റംബർ 30ന് ഇന്ത്യൻ വിദേശകാര്യ സർവീസിൽ നിന്നു വിരമിക്കും. ഇന്ത്യയും യുഎഇയും പരസ്‌പര സഹകരണത്തിന്റെ പുതിയ തലങ്ങളിൽ അതിവേഗം മുന്നേറുകയാണെന്നു സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ സ്‌ഥാനപതി സഞ്ജയ് സുധീർ പറഞ്ഞു. ഇന്ത്യ യുഎഇ ബന്ധത്തിനു 100 വർഷത്തിലേറെ പാരമ്പര്യമുണ്ടെങ്കിലും കഴിഞ്ഞ 10 വർഷം അതിൻ്റെ ഏറ്റവും തിളക്കമാർന്ന കാലമായിരുന്നുന്നെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ഫോറിൻ സർവീസ് 1993 ബാച്ചുകാരനായ സഞ്ജയ് സുധീർ യുഎഇയിലേക്ക് എത്തുന്നതിന് മുൻപ് മാലിദ്വീപിലെ അംബാസഡറായിരുന്നു. വിദേശകാര്യ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനായ ഇദ്ദേഹം നേരത്തേ സിഡ്നിയിലെ കോൺസുൽ ജനറലായും, ജനീവ വേൾഡ് ട്രേഡ് ഓർഗനൈസേഷനിലെ ഇന്ത്യയുടെ കൗൺസിലറായും പ്രവർത്തിച്ചിട്ടുണ്ട്, ഈജിപ്തിലെ ഇന്ത്യൻ എംബസി, സിറിയയിലെ ഇന്ത്യൻ എംബസി എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചു. ഐ ഐ ടിയിൽ നിന്ന് സാങ്കേതിക പഠനം പൂർത്തിയാക്കിയ ശേഷമാണ് സഞ്ജയ് സൂധീർ ഇന്ത്യൻ ഫോറിൻ സർവീസിലേക്ക് എത്തുന്നത്.