സംസ്ഥാനത്ത് ഇന്നും സ്വർണ്ണത്തിന് വൻ വർധനവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 70 രൂപയാണ് ഇന്ന് വർധിച്ചത്. ഒരു ഗ്രാം സ്വർണ്ണത്തിന് ഇന്ന് 9470 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 560 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന് 75,760 രൂപയായി ഉയർന്നു.
ഇന്നലെ സ്വർണ്ണവില 75000 കടന്ന് പുതിയ റെക്കോർഡിൽ എത്തിയിരുന്നു. 75,200 രൂപയായിരുന്നു ഇന്നലെ ഒരു പവൻ സ്വർണ്ണത്തിൻറെ വില. നിലവിലെ വില അനുസരിച്ച്, അഞ്ച ശതമാനം പണിക്കൂലിയും മറ്റ് നികുതികളും ഉള്‍പ്പെടെ ഒരു പവന്‍ സ്വര്‍ണ്ണം വാങ്ങാന്‍ ഏകദേശം 80,000 രൂപയോളം ചെലവ് വരും. 24 കാരറ്റ് സ്വർണ്ണത്തിന് പവന് 82,040 രൂപയും ഗ്രാമിന് 10,255 രൂപയുമാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വര്‍ണ്ണത്തിന് പവന് 61,528 രൂപയും ഗ്രാമിന് 7,691 രൂപയുമാണ് വില.
ഈ വര്‍ഷം തുടക്കം മുതല്‍ സ്വർണ്ണവിലയില്‍ വലിയ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ജനുവരി 22-ന് ആദ്യമായി 60,000 രൂപ കടന്ന സ്വർണ്ണവില, പിന്നീട് അതിവേഗമാണ് ഉയര്‍ന്നത്. ഫെബ്രുവരി 11-ന് 64,000 രൂപയും മാര്‍ച്ച് 14-ന് 65,000 രൂപയും കടന്നു. ഏപ്രില്‍ 12-ന് 70,000 രൂപയിലെത്തിയ സ്വർണ്ണവില, ഏപ്രില്‍ 17-ന് 71,000 രൂപയും ഏപ്രില്‍ 22-ന് 74,000 രൂപയും കടന്നിരുന്നു.
അമേരിക്കയിലെ ട്രംപ് ഭരണകൂടം ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം അധിക താരിഫ് ചുമത്തിയതിനെത്തുടര്‍ന്ന് സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ വര്‍ധിച്ചതോടെയാണ് സ്വര്‍ണവിലയിൽ വൻ കുതിപ്പുണ്ടായത്. ഡൽഹിയിൽ 10 ഗ്രാം സ്വര്‍ണത്തിന് ഒറ്റ ദിവസംകൊണ്ട് 3,600 രൂപ വര്‍ധിച്ച് വില 1,02,620 രൂപയിലെത്തി. ഈ വില വര്‍ധനവ് കേരളത്തിലെ ഉപഭോക്താക്കളെയും സ്വര്‍ണ വ്യാപാരികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.