ഇന്ത്യൻ ഇറക്കുമതിക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തിയതിനെത്തുടർന്ന് ഇന്ത്യയുമായുള്ള കൂടുതൽ വ്യാപാര ചർച്ചകൾക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉയർന്ന തീരുവകൾ പ്രഖ്യാപിച്ചതിനെത്തുടർന്ന് കൂടുതൽ ചർച്ചകൾ പ്രതീക്ഷിക്കുന്നുണ്ടോ എന്ന് ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് “അത് പരിഹരിക്കപ്പെടുന്നതുവരെ വേണ്ട” എന്നായിരുന്നു ട്രംപിൻ്റെ മറുപടി.
റഷ്യയുമായുള്ള ബന്ധത്തിന്റെ പേരിൽ ഇന്ത്യയെ ഒറ്റപ്പെടുത്തുന്നത് എന്തുകൊണ്ടാണെന്നും മറ്റുള്ളവർ റഷ്യൻ ഊർജ്ജം വാങ്ങുന്നത് തുടരുകയാണെന്നും ചോദ്യം ചെയ്യപ്പെട്ടതിന് ശേഷം, മോസ്കോയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് മേൽ പുതിയ “ദ്വിതീയ ഉപരോധങ്ങൾ” ഏർപ്പെടുത്തുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങലിനെതിരെ രാജ്യത്തിന് മുന്നറിയിപ്പ് നൽകിയതിന് ശേഷം ഇന്ത്യൻ ഇറക്കുമതികൾക്ക് 25 ശതമാനം അധിക വ്യാപാര തീരുവ ചുമത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡന്റ് ബുധനാഴ്ച ഒപ്പുവച്ചു, ഇതോടെ മൊത്തം ലെവി 50 ശതമാനമായി. പുതിയ താരിഫുകൾ ഓഗസ്റ്റ് 27 മുതൽ പ്രാബല്യത്തിൽ വരും. തീരുവ വർദ്ധനവിനോട് പ്രതികരിച്ചുകൊണ്ട്, ഇന്ത്യ ഈ നീക്കത്തെ “അന്യായവും, നീതീകരിക്കാനാവാത്തതും, യുക്തിരഹിതവുമാണ്” എന്ന് വിമർശിച്ചു. ദേശീയ താൽപ്പര്യം സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഇന്ത്യ ആവർത്തിച്ചു.
അതേസമയം വലിയ വില നൽകേണ്ടി വന്നാലും ഇന്ത്യ സ്വന്തം താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു . വ്യാഴാഴ്ച നടന്ന എം.എസ്. സ്വാമിനാഥൻ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനത്തിൽ സംസാരിച്ച പ്രധാനമന്ത്രി മോദി, രാജ്യത്തെ കർഷകർക്കൊപ്പം നിലകൊള്ളുമെന്നും അമേരിക്കയുടെ ഏറ്റവും ഉയർന്ന തീരുവകളുടെ ഭാരം വഹിക്കുമെന്നും വ്യക്തമാക്കി. “ഞങ്ങൾക്ക്, നമ്മുടെ കർഷകരുടെ താൽപ്പര്യമാണ് ഞങ്ങളുടെ മുൻഗണന,” പ്രധാനമന്ത്രി പറഞ്ഞു. “കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും ക്ഷീരകർഷകരുടെയും താൽപ്പര്യങ്ങളിൽ ഇന്ത്യ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല.”- മോദി പറഞ്ഞു.