കൊച്ചി: അന്തരിച്ച നടൻ കലാഭവൻ നവാസിന്റെ ഖബറടക്കം ഇന്ന് വൈകിട്ട് ആലുവ സെൻട്രൽ ജുമാ മസ്ജിദിൽ നടക്കും. മരണകാരണം ഹൃദയാഘാതം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം ആലുവയിലെ വീട്ടിലേക്ക് കൊണ്ടുപോയി. മൃതദേഹം ഇന്ന് വൈകിട്ട് നാലുമണി മുതൽ 5.30 വരെ ആലുവ ടൗൺ ജുമാമസ്ജിദിൽ പൊതുദർശനത്തിന് വെയ്ക്കും. തുടർന്ന് സംസ്കാര ചടങ്ങുകൾ നടക്കും.
ഇന്നലെ രാത്രിയാണ് ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ നവാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ‘പ്രകമ്പനം’ എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് കഴിഞ്ഞ 25 ദിവസങ്ങളായി ഹോട്ടലിൽ താമസിച്ചു വരികയായിരുന്നു നവാസ്. ഇന്നലെ സിനിമയുടെ ചിത്രീകരണം പൂർത്തിയായിരുന്നു. മറ്റ് താരങ്ങള്‍ മുറിയൊഴിഞ്ഞിട്ടും നവാസിനെ ഏറെ നേരം കാണാനില്ലെന്ന് കണ്ട് റിസപ്ഷനില്‍ നിന്ന് മുറിയിലേക്ക് ഫോൺ വിളിച്ചെങ്കിലും എടുത്തില്ല. റൂം ബോയ് എത്തുമ്പോൾ വാതില്‍ തുറന്നുകിടക്കുകയായിരുന്നു. നവാസ് നിലത്ത് വീണുകിടക്കുന്ന നിലയിലായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ചലച്ചിത്ര നടൻ അബൂബക്കറിന്റെ മകനായ നവാസ് മിമിക്രി വേദിയിൽ നിന്നുമാണ് സിനിമയിലേക്ക് എത്തിയത്. ചൈതന്യം ആയിരുന്നു ആദ്യ ചിത്രം. മീനാക്ഷി കല്യാണം, മാട്ടുപ്പെട്ടി മച്ചാൻ, ചന്ദാമാമ, മൈ ഡിയർ കരടി, ജൂനിയർ മാൻഡ്രേക്ക്, അമ്മ അമ്മായിയമ്മ, വൺമാൻ ഷോ, വെട്ടം, ചട്ടമ്പിനാട്, കോബ്ര, എബിസിഡി, മൈലാഞ്ചി മൊഞ്ചുള്ള വീട്, മേരാ നാം ഷാജി തുടങ്ങി നിരവധി ചിത്രങ്ങളിൽ നവാസ് അഭിനയിച്ചു. ഡിറ്റക്റ്റീവ് ഉജ്ജ്വലൻ എന്ന ചിത്രമാണ് അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം.
നടി രഹ്ന നവാസ് ആണ് നവാസിന്റെ ഭാര്യ. 2002ലായിരുന്നു ഇരുവരുടെയും വിവാഹം. പ്രണയവിവാഹമായിരുന്നു. നഹറിൻ, റിദ്‍വാൻ, റിഹാൻ എന്നിവരാണ് മക്കൾ. സഹോദരന്‍ നിയാസ് ബക്കറും അഭിനേതാവാണ്.