കൊച്ചി: നടൻ നിവിൻ പോളിയുടെ പരാതിയിൽ നിർമാതാവ് പി.എ ഷംനാസിനെതിരെ പൊലീസ് കേസെടുത്തു. ‘ആക്ഷൻ ഹീറോ ബിജു – 2’ എന്ന സിനിമയുടെ പേര് വ്യാജ ഒപ്പിട്ട് സ്വന്തമാക്കിയെന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവും നായകനുമായ നിവിന്‍ പോളിയുടെ പരാതിയിലാണ് പി.എ ഷംനാസിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
സൂപ്പർ ഹിറ്റ് ചിത്രമായിരുന്ന ആക്ഷൻ ഹിറോ ബിജുവിന്റെ രണ്ടാം ഭാഗമായ ആക്ഷന്‍ ഹീറോ ബിജു-2 മായി ബന്ധപ്പെട്ട് 2023ല്‍ നിവിന്‍ പോളിയും സംവിധായകന്‍ എബ്രിഡ് ഷൈനും തലയോലപ്പറമ്പ് സ്വദേശിയായ ഷംനാസും ഒപ്പിട്ട കരാർ പ്രകാരം സിനിമയുടെ അവകാശങ്ങളെല്ലാം നിവിന്‍ പോളിയുടെ നിര്‍മ്മാണ കമ്പനിയായ പോളി ജൂനിയറിനായിരുന്നു. ഷംനാസ് ഇക്കാര്യം മറച്ചുവച്ച് ചിത്രത്തിന്‍റെ പേരിന്‍റെ അവകാശം ഫിലിം ചേംബറില്‍ നിന്നും സ്വന്തമാക്കുകയായിരുന്നു.
ഇതിനായി നിവിന്‍ പോളിയുടെ ഒപ്പ് വ്യാജമായി ചേര്‍ത്ത രേഖ ഹാജരാക്കിയെന്നും ഇക്കാര്യങ്ങൾ അന്വേഷണത്തില്‍ കണ്ടെത്തിയ പശ്ചാത്തലത്തിൽ ഷംനാസിനെതിരെ കേസെടുക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. പാലാരിവട്ടം പൊലീസ് ആണ് ഷംനാസിനെതിരെ കേസെടുത്തത്. അതേസമയം ചിത്രത്തിന്‍റെ അവകാശം ഉന്നയിച്ച് ഷംനാസ് നൽകിയ പരാതിയില്‍ നേരത്തെ നിവിന്‍ പോളിക്കെതിരെ തലയോലപ്പറമ്പ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വഞ്ചനാകേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നിവിൻ പോളിക്ക് പൊലീസ് നോട്ടീസ് നൽകുകയും ചെയ്തിരുന്നു. തലയോലപ്പറമ്പ് പൊലീസാണ് നോട്ടീസ് അയച്ചത്. സംവിധായകൻ എബ്രിഡ് ഷൈനും പൊലീസ് നോട്ടീസ് നൽകിയിരുന്നു