സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് സമരം. കഴിഞ്ഞ ദിവസം സ്വകാര്യ ബസ് ഉടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ഇന്ന് സൂചന പണിമുടക്കായി സമരം നടത്തുന്നത്. 23ാം തീയതി മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തും. ബസ്സുടമകളുടെ സംഘടനകളുടെ കൂട്ടായ്മയായ ബസ്സുടമ സംയുക്തസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്യുന്നത്.
തങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ പോലും ഗതാഗത മന്ത്രി തയ്യാറാവുന്നില്ലെന്ന് ബസുടമകള്‍ പറഞ്ഞു. സ്വകാര്യ ബസ് വ്യവസായത്തെ തകര്‍ക്കാനാണ് ഗതാഗതമന്ത്രി ശ്രമിക്കുന്നത്. പെര്‍മിറ്റ് പോലും പുതുക്കി നല്‍കാന്‍ തയ്യാറാകുന്നില്ലെന്നും ബസ് ഉടമകള്‍ ആരോപിച്ചിരുന്നു
ജൂലൈ എട്ടിന് സ്വകാര്യ ബസുടമകൾ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു ചർച്ച നടന്നത്. എന്നാൽ ചർച്ച പരാജയമായിരുന്നുവെന്ന് സ്വകാര്യ ബസ് ഉടമകൾ മാധ്യമങ്ങളോട് പറഞ്ഞു.സ്വകാര്യ ബസ് സമരവും ബുധനാഴ്ച ദേശീയ പണിമുടക്കും പ്രഖ്യാപിച്ചിരിക്കുന്നതിനാൽ രണ്ട് ദിവസം ജനജീവിതം താറുമാറാകുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ.
അതേസമയം കേന്ദ്ര സർക്കാർ തൊഴിലാളിവിരുദ്ധ നയങ്ങൾ സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് രാത്രി 12ന് ആരംഭിക്കും. കേരളത്തിൽ ഭരണ, പ്രതിപക്ഷ സംഘടനകൾ വെവ്വേറെയാണ് പണിമുടക്കുന്നത്. ഐഎൻടിയുസി ഉൾപ്പെടെയുള്ള യുഡിഎഫ് സംഘടനകൾ സംസ്ഥാന സർക്കാരിന്റെ നയങ്ങൾക്കെതിരായ പ്രതിഷേധവും ഉയർത്താനാണ് തീരുമാനിച്ചിട്ടുള്ളത്.
പത്ത് തൊഴിലാളി സംഘടനകൾ പണിമുടക്കിൽ ഭാഗമാകും. 17 ആവശ്യങ്ങളാണ് പണിമുടക്കിലൂടെ സംയുക്ത ട്രേഡ് യൂണിയനുകൾ കേന്ദ്ര സർക്കാരിന് മുന്നിൽ വയ്ക്കുന്നത്. ഇതിൽ പ്രധാനം തൊഴിലാളി വിരുദ്ധമായ നാല് ലേബർ കോഡുകൾ കേന്ദ്ര സർക്കാർ ഉപേക്ഷിക്കുക എന്നതാണ്. ഈ ലേബർ കോഡ് നിലവിൽ വന്നാൽ ട്രേഡ് യൂണിയനുകളുടെ ഇടപെടൽ തൊഴിൽ മേഖലയിൽ കുറയും. വ്യവസായ സൗഹൃദ നയത്തിന്‍റെ പേരിൽ ഉടമകളുടെ താൽപര്യങ്ങൾ സംരക്ഷിക്കാനും കേന്ദ്ര സർക്കാരിന് സാധ്യമാകും എന്നാണ് ട്രേഡ് യൂണിയനുകൾ ആരോപിക്കുന്നത്.
കൂടാതെ എല്ലാ സംഘടിത തൊഴിലാളികൾക്കും കരാർ തൊഴിലാളികൾക്കും സ്കീം വർക്കർമാർക്കും പ്രതിമാസം 26,000 രൂപ മിനിമം വേതനം ഉറപ്പാക്കുക, പൊതുമേഖലാ സംരംഭങ്ങൾ സ്വകാര്യവൽക്കരിക്കുന്ന നയത്തിൽ നിന്ന് സർക്കാർ പിൻവാങ്ങുക എന്നിവയും ആവശ്യങ്ങളിൽ ഉൾപ്പെടുന്നു. 10 വർഷമായി കേന്ദ്ര സർക്കാർ തൊഴിലാളികളുമായി ചർച്ച നടത്തിയിട്ടില്ലെന്നും തൊഴിലാളി സംഘടനകൾ ആരോപിക്കുന്നു.