കേരള തീരത്ത് മെയ് 24 ന് മുങ്ങിയ ലൈബീരിയൻ പതാകയുള്ള കണ്ടെയ്നർ കപ്പലായ എംഎസ്‌സി എൽസ 3 ന്റെ സഹോദര കപ്പലായ എംഎസ്‌സി എല്‍സ അറസ്റ്റ് ചെയ്യാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. മുങ്ങൽ മൂലമുണ്ടായ പാരിസ്ഥിതികവും സാമ്പത്തികവുമായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേരള സർക്കാർ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം.
സംസ്ഥാന സർക്കാർ ഏകദേശം 9,531 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. മലിനീകരണ നിയന്ത്രണത്തിനും പരിഹാര നടപടികൾക്കുമുള്ള ചെലവും, സംഭവത്തെത്തുടർന്ന് പ്രാദേശിക മത്സ്യത്തൊഴിലാളി സമൂഹത്തിനുണ്ടായ ഉപജീവനമാർഗ്ഗ നഷ്ടത്തിനുള്ള നഷ്ടപരിഹാരവും ഇതിൽ ഉൾപ്പെടുന്നു.
കപ്പൽ അപകടങ്ങൾ ഉണ്ടാകുമ്പോൾ പരിസ്ഥിതി, മത്സ്യബന്ധന, വാണിജ്യ മേഖലകളിലുണ്ടാകുന്ന നഷ്ടം ഈടാക്കുന്നതുമായി ബന്ധപ്പെട്ടു നൽകുന്നതാണ് അഡ്മിറാലിറ്റി സ്യൂട്ട്. ഇതനുസരിച്ച് കേരള ഹൈക്കോടതിക്ക് സംസ്ഥാന സമുദ്ര പരിധിയിലുള്ള യാനങ്ങൾ പിടിച്ചെടുക്കാനും ആവശ്യമെങ്കിൽ വിൽപന നടത്തി നഷ്ടം നികത്താനുമുള്ള അധികാരമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വിഴിഞ്ഞത്തുള്ള എംഎസ്‍സി എല്‍സ തുറമുഖം വിടുന്നത് തടയണമെന്നും ഇത് വിൽപന നടത്തി സംസ്ഥാനം ആവശ്യപ്പെട്ട നഷ്ടപരിഹാരം ഈടാക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. തുടർന്ന് കപ്പൽ തുറമുഖം വിടുന്നത് 10 വരെ തടഞ്ഞിരിക്കുകയാണ്.
ആലപ്പുഴ തോട്ടപ്പിള്ളി സ്പിൽവേയിൽ നിന്ന് 13 നോട്ടിക്കൽ മൈൽ അകലെയാണ് മേയ് 25ന് മുങ്ങിയത്. ഇതിൽ അപകടരമായ കാർഗോ അടക്കം 643 കണ്ടെയ്നറുകളാണുള്ളത്. ഈ അപകടത്തിലൂടെ സംസ്ഥാനത്തിന്റെ പരിസ്ഥിതി – ജൈവ ആവാസ– മത്സ്യബന്ധന –പൊതുജനാരോഗ്യത്തിന് വൻ നഷ്ടമുണ്ടായി എന്നാണ് കണക്കാക്കിയിരിക്കുന്നത്. തീരമേഖലയിൽ ഉണ്ടാക്കിയിട്ടുള്ള മലിനീകരണവും നാശനഷ്ടവും, മത്സ്യബന്ധന മേഖലയ്ക്ക് ഉണ്ടായിട്ടുള്ള സാമ്പത്തിക നഷ്ടം, അവശിഷ്ടങ്ങൾ നീക്കം ചെയ്യല്‍, മനുഷ്യവിഭവശേഷി തുടങ്ങിയ ഇനങ്ങളിൽ സർക്കാരിനുണ്ടായിട്ടുള്ള ചിലവ് എന്നിങ്ങനെ 3 വിഭാഗങ്ങളിലായാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്.
61 കണ്ടൈയ്നറുകള്‍ കരയ്ക്കടിഞ്ഞു. 59.6 മെട്രിക് ടണ്‍ പ്ലാസ്റ്റിക് പെല്ലറ്റുകൾ കരയ്ക്കടിഞ്ഞു. കേരളത്തിന്റെ സമുദ്ര പരിസ്ഥിതിയെ ഇത് ദോഷകരമായി ബാധിച്ചു. സമുദ്ര മേഖലയിൽ ഉണ്ടായിട്ടുള്ള പാരിസ്ഥിതിക നഷ്ടത്തിന് 8,626.12 കോടി രൂപയും പാരിസ്ഥിതിക സന്തുലനം നിലനിർത്താനുള്ള നടപടികൾക്ക് 378.48 കോടി രൂപയും മത്സ്യബന്ധന മേഖലയ്ക്കും മറ്റുമുണ്ടായിട്ടുള്ള നഷ്ടം നികത്താൻ 526.51 കോടി എന്നിങ്ങനെ കണക്കാക്കിയാണ് ആകെ 9531 കോടി രൂപ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ഹർജി സമർപ്പിക്കുന്ന സമയം മുതൽ ഇതിന്റെ വിധി വരുന്നതു വരെ 6 ശതമാനവും അതിനു ശേഷം ഈ തുക ലഭിക്കുന്നതു വരെ 12 ശതമാനം പലിശയും നൽകണമെന്നും അഡ്മിറാലിറ്റി സ്യൂട്ടിൽ ആവശ്യപ്പെട്ടിരിക്കുന്നു. പരിസ്ഥിതി വകുപ്പ് സെക്രട്ടറിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.