നിരോധിത ഭീകരസംഘടനയായ ടിആർഎഫിനായി ഫണ്ട് ശേഖരണം നടത്തിയ ഒരാൾ എൻഐഎയുടെ പിടിയിൽ. ഹന്ദ്വാര സ്വദേശി ഷഫത് മഖ്ബൂൾ വാനി ആണ് അറസ്റ്റിലായത്. ജൂൺ 28 ന് അറസ്റ്റ് നടന്നുവെന്നാണ് എൻഐഎ വൃത്തങ്ങൾ നൽകുന്ന വിവരം. പഹൽഗാം ഭീകരാക്രമണവുമായി ഇയാൾക്ക് നേരിട്ട് ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിച്ച് വരികയാണ്.
ലഷ്കർ ഇ തൊയിബയുടെ പ്രൊക്സി സംഘടനയാണ് ദി റെസിസ്റ്റൻസ് ഫ്രണ്ട്. കശ്മീരിലെ ഭീകരപ്രവർത്തനങ്ങൾക്ക് വേണ്ടി പാകിസ്താനിൽ നിന്നും ഫണ്ട് എത്തിക്കുന്നതും ഏകോപിക്കുന്നതും ഷഫത് മഖ്ബൂളായിരുന്നു എന്നാണ് എൻഐഎ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഇയാളെ എൻഐഎ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. കേസുമായി ബന്ധപ്പെട്ട് ഏഴ് പേരെയാണ് ഇതുവരെ എഐഎ അറസ്റ്റ് ചെയ്തത്.
പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടിആർഎഫിനെ 2023 ജനുവരിയിൽ കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. 2022 ലാണ് ടിആർഎഫ് കമാൻഡർ സജ്ജാദ് ഗുലിനെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. ജൂണിൽ പഹൽഗാം ആക്രമണകാരികൾക്ക് അഭയം നൽകിയ രണ്ട് ടിആർഎഫ് ഭീകരരെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു.