കോഴിക്കോട്: നിപ ബാധിച്ച പാലക്കാട് സ്വദേശിയായ യുവതിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയെ ഇന്നലെ രാത്രിയിയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കൽ കോളേജിലെ നിപ വാർഡിലാണ് യുവതി ചികിത്സയിൽ കഴിയുന്നത്. ജൂലൈ ഒന്നിനാണ് യുവതി രോഗ ലക്ഷണങ്ങളുമായി ചികിത്സ തേടിയത്. യുവതിക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണ് ഇതുവരെ വ്യക്തമായിട്ടില്ല.
അതിനിടെ, പനി ബാധിച്ചതിനെ തുടർന്ന് യുവതിയുടെ 12 വയസുള്ള മകനെയും മണ്ണാർക്കാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെ, പനി ബാധിച്ച യുവതിയുടെ 10 വയസുള്ള മകനെ മഞ്ചേരി മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയിൽ മകന്‍റെ സാമ്പിൾ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. യുവതിയുടെ ഭർത്യസഹോദരന്‍റെ 4 മക്കളുടെയും പരിശോധന ഫലം നെഗറ്റീവാണ്.
സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് അറിയിച്ചു. മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 12 പേരാണ് ചികിത്സയിലുള്ളത്. 5 പേര്‍ ഐസിയു ചികിത്സയിലുണ്ട്. സമ്പര്‍ക്കപ്പട്ടികയിലുള്ള ഒരാള്‍ നെഗറ്റീവായിട്ടുണ്ട്.
പാലക്കാട് ഒരാള്‍ ഐസിയുവിലും മറ്റൊരാള്‍ ഐസൊലേഷനില്‍ ചികിത്സയിലുമാണുള്ളത്. പാലക്കാട് 61 ആരോഗ്യ പ്രവര്‍ത്തകര്‍ സമ്പര്‍ക്കപ്പട്ടികയിലുണ്ട്. കോഴിക്കോട് ജില്ലയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള 87 പേരും ആരോഗ്യ പ്രവര്‍ത്തകരാണ്. നിപ സ്ഥിരീകരിച്ച പാലക്കാട്ടേയും മലപ്പുറത്തേയും വ്യക്തികളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. രോഗവ്യാപനമുള്ള പ്രദേശങ്ങളിൽ കനിവ് 108 ഉള്‍പ്പെടെയുള്ള ആംബുലന്‍സുകള്‍ സജ്ജമാണ്. ഉറവിടം കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാൻ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.