കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്‍റെ വീട്ടിലെത്തി ആരോഗ്യമന്ത്രി വീണാജോര്‍ജ്. ഞായറാഴ്ച അതിരാവിലെയാണ് മന്ത്രി ബിന്ദുവിന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട് ആശ്വസിപ്പിച്ചത്. സര്‍ക്കാര്‍ പൂര്‍ണമായും കുടുംബത്തിനൊപ്പമാണെന്നും ഇവര്‍ക്കുള്ള സഹായം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. ഉചിതമായ തീരുമാനങ്ങൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
‘അത്യന്തം ദുഃഖകരമായ സംഭവമാണ് ഉണ്ടായത്. ഹൃദയഭേദകമായ ഒരു അവസ്ഥയാണ്. ഈ കുടുംബത്തിന്റെ ദുഃഖം എന്റേയുംകൂടിയാണ്. ബിന്ദുവിന്റെ അമ്മയേയും ഭര്‍ത്താവിനേയും മക്കളെയും കണ്ടു. അവരുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നു. സര്‍ക്കാര്‍ പൂര്‍ണമായും അവര്‍ക്കൊപ്പം ഉണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇക്കാര്യം സംസാരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ തീരുമാനങ്ങള്‍ ഉണ്ടാകും,’ മന്ത്രി പറഞ്ഞു.
‘തീരുമാനങ്ങളെല്ലാം മന്ത്രിസഭായോഗത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യന്ത്രി തന്നെ പ്രഖ്യാപിക്കും. കുടുംബം മുന്നോട്ടുവെച്ച എല്ലാ ആവശ്യങ്ങളും പരിഗണിക്കും,’ മന്ത്രി വ്യക്തമാക്കി. മകന്റെ ജോലി ആവശ്യം മാത്രമാണ് ബിന്ദുവിന്റെ ഭര്‍ത്താവ് മന്ത്രിയോട് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി ബന്ധപ്പെട്ടിരുന്നുവെന്നും സര്‍ക്കാര്‍ കൂടെനില്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നും വിശ്രുതന്‍ പറഞ്ഞു.
ആരോഗ്യമന്ത്രി ബിന്ദുവിന്റെ വീട് സന്ദര്‍ശിക്കാഞ്ഞതിന്റെ പേരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മന്ത്രിയുടെ പത്തനംതിട്ടയിലെ വീട്ടിലടക്കം വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ പ്രതിഷേധവുമായി എത്തിയിരുന്നു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം ശനിയാഴ്ച വിവിധ രാഷ്ട്രീയപാർട്ടികൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.