അബുദബി: യു.എ.ഇ സെൻട്രൽ ബാങ്ക് സ്വർണ, വെള്ളി നാണയങ്ങൾ പുറത്തിറക്കി. രാഷ്ട്ര സ്ഥാപക നേതാക്കളായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാനെയും ഷെയ്ഖ് റാഷിദ് ബിൻ സഈദ് ആൽ മക്തൂമിനെയും ആദരിച്ചാണ് സ്വർണ, വെള്ളി നാണയങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. സ്വർണ നാണയത്തിന് 40 ഗ്രാം തൂക്കവും 40 മി.മീറ്റർ വ്യാസവുമാണുള്ളത്. ഇതിന്റെ മുൻഭാഗത്താണ് സ്ഥാപക നേതാക്കളുടെ ചിത്രം ആലേഖനം ചെയ്തിട്ടുള്ളത്. മറുഭാഗത്ത് ദേശീയ ചിഹ്നം, അറബിയിലും ഇംഗ്ലീഷിലും സെൻട്രൽ ബാങ്കിന്റെ പേര് എന്നിവയും രേഖപ്പെടുത്തിയിട്ടുണ്ട്.
വെള്ളി നാണയം സ്വർണത്തേക്കാൾ അൽപം വലുതാണ്. 50 ഗ്രാം തൂക്കവും 50 മി.മീറ്റർ വ്യാസവുമാണുള്ളത്. മുൻഭാഗത്ത് നേതാക്കളുടെ ചിത്രവും പിറകിൽ ദേശീയ ചിഹ്നത്തിനും ബാങ്ക് നാമത്തിനുമൊപ്പം ‘സ്മാരക നാണയം’ എന്ന് അറബിയിൽ ആലേഖനം ചെയ്തിട്ടുമുണ്ട്. രാജ്യത്തിന്റെ സ്ഥാപനത്തിൽ നിർണായക പങ്കുവഹിച്ച അബൂദബി ഭരണാധികാരിയും ആദ്യ യു.എ.ഇ പ്രസിഡന്റുമായ ഷെയ്ഖ് സായിദ്, ആദ്യ വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായിരുന്ന ഷെയ്ഖ് റാഷിദും പരസ്പരം ആശ്ലേഷിക്കുന്ന ചിത്രമാണ് നാണയങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സെൻട്രൽ ബാങ്കിന്റെ അബൂദബിയിലെ ആസ്ഥാനത്തുനിന്ന് മാത്രമാണ് ഈ നാണയം വാങ്ങാൻ സാധിക്കുക. സെൻട്രൽ ബാങ്കിന്റെ വെബ്സൈറ്റ് വഴി വെള്ളി നാണയം വാങ്ങാനും സൗകര്യമുണ്ട്. സ്ഥാപക നേതാക്കൾ അവശേഷിപ്പിച്ച ദേശീയ പൈതൃകമായ വിശ്വസ്തതയുടെയും ഉൾക്കൊള്ളലിന്റെയും ആശയങ്ങൾ പേറുന്ന സ്മാരക നാണയങ്ങൾ അഭിമാനപൂർവമാണ് പുറത്തിറക്കുന്നതെന്ന് സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് മുഹമ്മദ് ബലാമ പറഞ്ഞു. രാജ്യത്തിന്റെ ഐക്യത്തിന്റെയും വികസനത്തിന്റെയും മൂല്യങ്ങൾ ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടക്കുന്ന ‘സായിദ് റാശിദ്’ കാമ്പയിനോടനുബന്ധിച്ചാണ് സംരംഭം നടപ്പിലാക്കിയതെന്നും സെൻട്രൽ ബാങ്ക് ഗവർണർ കൂട്ടിച്ചേർത്തു.