പട്ടാമ്പിയിൽ വീടിനു മുന്നിൽവച്ച് സ്കൂൾ ബസ് ഇടിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. ഓങ്ങല്ലൂർ പുലാശ്ശേരിക്കര കാമ്യകം വീട്ടിൽ കൃഷ്ണകുമാറിന്റെ മകൻ ആരവ് (6) ആണ് മരിച്ചത്. ഇന്നലെ അമ്മയുടെ മുന്നില്‍വച്ചായിരുന്നു അപകടം. വാടാനാംകുറുശ്ശി ജി എൽ പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ആരവ് ചൊവ്വാഴ്‌ച വൈകീട്ട് സ്കൂൾ ബസിൽ വീടിനു മുന്നിൽ ഇറങ്ങി വീട്ടിലെക്ക് റോഡ് മുറിച്ചു കടക്കുന്നതിനിടെ എതിരെ വന്ന പുലാശ്ശേരിക്കര എയുപി സ്കൂൾ ബസ് ഇടിക്കുകയായിരുന്നു. ചികില്‍സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
പരുക്കേറ്റ കുട്ടിയെ ആദ്യം പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് പെരുന്തൽമണ്ണയിലെ ഇഎംഎസ് സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ മരിച്ചു. സിപിഐ എം പുലാശ്ശേരിക്കര ബ്രാഞ്ച് അംഗങ്ങളാണ് അച്ഛൻ കൃഷ്ണകുമാറും, അമ്മ ശ്രീദേവിയും. കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ തിരൂരിലെ ഫാർമസി സ്റ്റാഫാണ് കൃഷ്ണകുമാർ. ഇരുവരുടെയും ഏക മകനാണ് ആരവ്.