തിരുവനന്തപുരം: പട്ടം എസ്‌യുടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐ എം നേതാവുമായ വി എസ് അച്യുതാനന്ദനെ സന്ദർശിച്ച് എം എ ബേബി. ചൊവ്വാഴ്‌ച രാവിലെയോടെയാണ് സിപിഐ എം ജനറൽ സെക്രട്ടറി ആശുപത്രിയിലെത്തിയത്.
“വി എസ് ഒരു അസാധാരണ സഖാവും അസാധാരണ ജീവിതം നയിച്ചയാളുമാണ്. സർക്കാർ നിർദേശ പ്രകാരം മെഡിക്കൽ കോളേജിൽ നിന്നും ഉന്നതതല മെഡിക്കൽ സംഘം ഇന്നലെ ആശുപത്രിയിലെത്തുകയും ചികിത്സാരീതി അവലോകന വിധേയമാക്കുകയും ചെയ്തു. നിലവിൽ ഇപ്പോൾ നടക്കുന്ന ചികിത്സ മുന്നോട്ട് കൊണ്ടുപോകാനും ഡയാലിസിസ് തുടരാനുമാണ് തീരുമാനം. വൈദ്യശാസ്ത്രത്തിന്റെ സഹായവും വി എസിന്റെ നിശ്ചയദാർഢ്യവും കൊണ്ട് അദ്ദേഹം പ്രതിസന്ധി മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗുരുതരാവസ്ഥയിലാണെങ്കിലും അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്”.– സന്ദർശനത്തിന് ശേഷം എം എ ബേബി മാധ്യമങ്ങളോട് പറഞ്ഞു.
ആരോഗ്യനില ഗുരുതരമായി തുടരുന്നു– മെഡിക്കൽ ബുള്ളറ്റിൻ
വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ. എസ്‌യുടി ആശുപത്രിയിൽ നിന്നുള്ള സംഘത്തിനു പുറമേ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ഏഴ് സ്പെഷലിസ്റ്റുകൾ അടങ്ങുന്ന ഒരു മെഡിക്കൽ സംഘം വി എസിനെ പരിശോധിക്കുകയും ചികിത്സ വിലയിരുത്തുകയും ചെയ്‌തു. സർക്കാർ നിർദേശമനുസരിച്ചാണ് സംഘം എസ്‌യുടിയിൽ എത്തിയത്. നിലവിൽ നൽകി വരുന്ന വെന്റിലേറ്റർ സപ്പോർട്ട്, സിആർആർടി, ആന്റിബയോട്ടിക് തുടങ്ങിയ ചികിത്സകൾ തുടരാനും ആവശ്യമെങ്കിൽ ഉചിതമായ മാറ്റം വരുത്താനുമാണ് തീരുമാനം.– മെഡിക്കൽ ബുള്ളറ്റിനിൽ ആശുപത്രി അധികൃതർ വ്യക്തമാക്കി.
ഇന്നു രാവിലെയും മെഡിക്കൽ ബോർഡ് ചേർന്ന് വിഎസിന്റെ ആരോഗ്യനില വിലയിരുത്തിയിരുന്നു. ഇതിനുശേഷമാണ് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയത്. കഴിഞ്ഞ മാസം 23ാം തീയതി രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് വി എസിനെ പട്ടം എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം ബാർട്ടൺഹില്ലിൽ മകൻ വി എ അരുൺ കുമാറിന്റെ വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന വി എസിന് 23ന് രാവിലെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.