ലഖ്‌നൗ: ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിന് ചോര്‍ച്ച. താജ്മഹലിന്‍റെ പ്രധാന താഴികക്കുടത്തിലാണ് 73 മീറ്റര്‍ വരെ ഉയരത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ചോര്‍ച്ച കണ്ടെത്തിയത്. 15 ദിവസം പരിശോധന തുടരും. ശേഷമായിരിക്കും വിദഗ്ധരെയെത്തിച്ച് അറ്റകുറ്റപ്പണി ആരംഭിക്കുക. പണി പൂര്‍ത്തിയാക്കാന്‍ ഏകദേശം ആറ് മാസം വരെയെടുക്കും.
നേരത്തെ താജ്മഹലിന്റെ അറ്റകുറ്റപ്പണികൾക്കായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) ഈ വർഷം ഏകദേശം 76 ലക്ഷം രൂപ ചെലവഴിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. മഴക്കാലത്ത് ചോർച്ച ഒഴിവാക്കാൻ പ്രധാന താഴികക്കുടത്തിന്റെയും മേൽക്കൂരയുടെയും അറ്റകുറ്റപ്പണികൾക്കായി ഈ ഫണ്ട് ഉപയോഗിക്കുമെന്ന് അവർ പറഞ്ഞു. കഴിഞ്ഞ വർഷം, തുടർച്ചയായ മഴയെത്തുടർന്ന് താജ്മഹലിന്റെ പ്രധാന താഴികക്കുടത്തിൽ നിന്ന് വെള്ളം ഇറ്റിറ്റുവീണപ്പോൾ, എഎസ്ഐ അതിന്റെ സംരക്ഷണത്തെയും പരിപാലനത്തെയും കുറിച്ച് നിരവധി ചോദ്യങ്ങൾ ഉയർന്നുവന്നു. ഈ വർഷം, അത്തരം നാണക്കേട് ഒഴിവാക്കാൻ, പ്രശ്നം കൈകാര്യം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുകൾ എഎസ്ഐ നടത്തിയിട്ടുണ്ട്.
കല്ലുകളെ യോജിപ്പിക്കുന്ന കുമ്മായക്കൂട്ട് നഷ്ടപ്പെട്ടതാകാം ചോര്‍ച്ചയ്ക്ക് കാരണമെന്നാണ് വിലയിരുത്തുന്നത്. താഴികക്കുടത്തിന്റെ മേല്‍ക്കൂരയും വാതിലും തറയും ദുര്‍ബലമായിട്ടുണ്ട്. താഴികക്കുടത്തെ താങ്ങിനിർത്തുന്ന ഇരുമ്പ് നിര്‍മ്മിതിയുടെ സമ്മര്‍ദ്ദം മൂലം കുമ്മായത്തിന് ഇളക്കമുണ്ടായതും ചോര്‍ച്ചയ്ക്ക് വഴിവെച്ചേക്കാമെന്നും കരുതുന്നു. പരിശോധനകള്‍ ഏതാണ്ട് പൂര്‍ത്തിയായതായും തുടര്‍ പരിശോധനകള്‍ ഉടന്‍ പൂര്‍ത്തിയാക്കി അറ്റകുറ്റപണികള്‍ ആരംഭിക്കുമെന്നും താജ്മഹലിന്റെ സീനിയര്‍ കണ്‍സര്‍വേറ്റര്‍ അറിയിച്ചു.