തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ മുന്നറിയിപ്പായ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പുണ്ട്.
തെക്കുപടിഞ്ഞാറൻ രാജസ്ഥാന് മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതായി കാലാസ്ഥ വകുപ്പിൻ്റെ അറിയിപ്പുണ്ട്. കൂടാതെ, വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനോട് ചേർന്നുള്ള പശ്ചിമ ബംഗാൾ – ബംഗ്ലാദേശ് തീരത്തിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെടാനും തുടർന്ന് 24 മണിക്കൂറിൽ ന്യുനമർദമായി ശക്തിപ്രാപിക്കാനും സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇതിന്റെ ഫലമായാണ് കേരളത്തിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
കണ്ണൂർ, കാസർകോട് ജില്ലകളിൽ (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) ഇന്ന് ഉച്ചയ്‌ക്ക് 2:30 വരെ 3.1 മുതൽ 3.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.