മോഹൻലാലിനെ തെലുങ്ക് ചിത്രമായ ‘കണ്ണപ്പ’യിൽ ഉൾപ്പെടുത്താനായത് ഭാഗ്യമാണെന്ന് ചിത്രത്തിലെ നായകൻ വിഷ്‌ണു മഞ്ജു. കണ്ണപ്പയുടെ അന്തർദേശിയ റിലീസുമായി ബന്ധപ്പെട്ട് ദുബായ് ദേര സിറ്റി സെന്‍ററിലെ വോക്‌സ് സിനിമാസിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോഹൻലാലിനൊപ്പമുള്ള അഭിനയം താൻ ഏറെ ആസ്വദിച്ചുവെന്നും വിഷ്‌ണു മഞ്ജു പറഞ്ഞു. തന്‍റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രമായ ‘കണ്ണപ്പ’യിൽ ദക്ഷിണേന്ത്യയിലെയും ബോളിവുഡിലെയും നിരവധി സൂപ്പർ താരങ്ങൾ അഭിനയിച്ചിട്ടുണ്ടെങ്കിലും മോഹൻലാലിനൊപ്പം അഭിനയിക്കുമ്പോഴാണ് താൻ ഏറ്റവും കൂടുതൽ ആസ്വദിച്ചതെന്നും മോഹൻലാൽ തന്നെ വിസ്മയിപ്പിച്ചു എന്നും വിഷ്‌ണു മഞ്ജു കൂട്ടിച്ചേർത്തു.
സംവിധായകൻ മുകേഷ് കുമാർ സിങ്ങിന്‍റെ ആദ്യ ചിത്രമായ കണ്ണപ്പ ജൂൺ 27ന് ആഗോള തലത്തിൽ റിലീസ് ചെയ്യും. മോഹൻ ലാലിനെ കൂടാതെ തെലുങ്ക് സൂപ്പർ താരം പ്രഭാസ്, ബോളുവുഡ് സൂപ്പർ താരം അക്ഷയ് കുമാർ, തമിഴ് നടൻ ശരത് കുമാർ, നടൻ മോഹൻ ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയുടെ പ്രത്യേക പ്രമോഷണൽ വീഡിയോകളും പുതിയ വിവരങ്ങളും ആദ്യമായി പുറത്ത് വിട്ടു.
ഇന്ത്യന്‍ പുരാണങ്ങളുടെയും ഭക്തിയുടെയും പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ശിവനോടുള്ള അചഞ്ചലമായ സ്‌നേഹവും ഭക്തിയും എടുത്തുപറഞ്ഞ് ഭക്തന്റെ യാത്രയാണ് ‘കണ്ണപ്പ’ പറയുന്നത്. മോഹൻ ബാബുവാണ് ബിഗ് ബജറ്റ് ചിത്രമായ കണ്ണപ്പയുടെ നിർമാതാവ്. ന്യൂസിലാന്‍റിലാണ് ചിത്രത്തിന്‍റെ ചിത്രീകരണം നടത്തിയത്. മലയാളി സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയാണ് സംഗീത സംവിധായകൻ.തെലുങ്ക്, തമിഴ്, മലയാളം,ഹിന്ദി, കന്നഡ,ഇംഗ്ലീഷ് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. പ്രീതി മുകുന്ദനാണ് ചിത്രത്തിലെ നായിക.