ന്യൂഡൽഹി: ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്ന ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി എട്ടാമത്തെ വിമാനം ഡൽഹിയിലെത്തി. 285 ഇന്ത്യൻ പൗരന്മാരെയാണ് തിരികെ കൊണ്ടുവന്നത്. മൂന്ന് ദിവസത്തിനുള്ളിൽ മുഴുവൻ ഇന്ത്യക്കാരെയും ഇറാനിൽ നിന്ന് ഒഴിപ്പിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗേരിറ്റ പറഞ്ഞു.
1,713 പേരെയാണ് ഇതുവരെ ഇന്ത്യയിലെത്തിച്ചത്. ഇസ്രയേലിൽ ബാക്കിയുള്ള 162 ഇന്ത്യക്കാർ സുരക്ഷിതമായി ജോർദാനിലേക്ക് കടന്നിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ ഇവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരും. ഇറാനിലും ഇസ്രയേലിലുമുള്ള ഇന്ത്യക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ബിഹാർ, ജമ്മുകശ്മീർ, ഡൽഹി , ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഇതുവരെ എത്തിയത്. ഇറാന്റെ യുദ്ധമേഖലകളിൽ കുടുങ്ങിക്കിടക്കുന്ന ബാക്കി ഇന്ത്യക്കാരെ കൊണ്ടുവരുന്നതിന് മൂന്ന് വിമാനങ്ങൾ കൂടി സർവീസ് നടത്തുമെന്ന് മന്ത്രി അറിയിച്ചു. എംബസിയിൽ രജിസ്റ്റർ ചെയ്ത് ആവശ്യമായ രേഖകളുമായി ജോർദാനിലേക്കോ ഈജിപ്തിലേക്കോ പോകാൻ ഇസ്രയേലിലുള്ള ഇന്ത്യക്കാരോട് നിർദേശം നൽകിയിട്ടുണ്ട്.