രാഷ്ട്രീയ കേരളം ഏറെ ഉറ്റുനോക്കിയ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യു.ഡി.എഫ് മികച്ച ഭൂരിപക്ഷം നിലനിർത്തുന്നു. ആര്യാടൻ ഷൗക്കത്ത് മികച്ച ലീഡ് തുടരുകയാണ്. എം സ്വരാജിന്റെ ജന്മനാട്ടിൽ പോലും യു ഡി എഫിനാണ് മുന്നേറ്റം. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും എൽ.ഡി.എഫ് സ്ഥാനാർഥി എം സ്വരാജിന് ഒന്നാം സ്ഥാനത്ത് എത്താനായില്ല. ആദ്യഘട്ടത്തിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട എം സ്വരാജിന് പകരം പി വി അൻവർ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ അന്‍വര്‍ 5000ലധികം വോട്ടുകളാണ് നേടിയത്.
12 റൗണ്ട് വോട്ടെണ്ണല്‍ അവസാനിപ്പിച്ചപ്പോള്‍ തന്നെ വിജയമുറപ്പിച്ച ലീഡ് നിലയിലേക്ക് യുഡിഎഫ് എത്തി. 12 റൗണ്ട് വോട്ടെണ്ണലില്‍ ഒരു ഘട്ടത്തില്‍ മാത്രമാണ് ഇടത് സ്ഥാനാര്‍ഥി എം.സ്വരാജിന് മുന്നേറാനായത്. ബാക്കി 11 റൗണ്ടുകളിലും ഷൗക്കത്ത് തന്നെയായിരുന്നു മുന്നിൽ. ലീഡ് നില പുറത്തുവന്നതോടെ യു ഡി എഫ് പ്രവർത്തകർ ആഘോഷം തുടങ്ങി. ഒരു വർഷത്തിനുള്ളിൽ തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ ഈ ഫലം മുന്നണികൾക്ക് നിർണായകമാണ്. ചുങ്കത്തറ മാർത്തോമ്മാ ഹയർ സെക്കൻഡറി സ്‌കൂളിലാണ് വോട്ടെണ്ണൽ നടക്കുന്നത്.
ജൂണ്‍ 19ന് നടന്ന വോട്ടെടുപ്പില്‍ 1,74,667 പേരാണ് ബൂത്തിലെത്തി വോട്ടു ചെയ്തത്. 75.87 ശതമാനമായിരുന്നു പോളിങ്. ആര്യാടന്‍ ഷൗക്കത്ത് (യുഡിഎഫ്), എം സ്വരാജ് (എല്‍ഡിഎഫ്), മോഹന്‍ ജോര്‍ജ് (എന്‍ഡിഎ) മുന്‍ എംഎല്‍എ പി.വി. അന്‍വര്‍ (സ്വതന്ത്രന്‍) എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്ന പത്തു സ്ഥാനാര്‍ഥികളിലെ പ്രമുഖര്‍.120ലധികം ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണലിനായി തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ചിരിക്കുന്നത്. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി 900 പോലീസുകാരെയാണ് മണ്ഡലത്തിൽ വിന്യസിച്ചിരിക്കുന്നത്.