ഇറാനിയൻ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള വാഷിംഗ്ടണിൻ്റെ സൈനിക ആക്രമണങ്ങളെ പാകിസ്ഥാൻ നിശിതമായി വിമർശിച്ചു. കഴിഞ്ഞ മാസത്തെ ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ “നിർണ്ണായക നയതന്ത്ര ഇടപെടലിന്” അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രശംസിക്കുകയും 2026 ലെ സമാധാന നോബൽ സമ്മാനത്തിന് അദ്ദേഹത്തെ പിന്തുണയ്ക്കുകയും ചെയ്തതിന് പിന്നാലെയാണ് , പാകിസ്ഥാൻ അമേരിക്കയെ നിശിതമായി വിമർശിക്കുന്നത്.
ഞായറാഴ്ച പുലർച്ചെയാണ് ഇറാന്റെ മൂന്ന് പ്രധാന കേന്ദ്രങ്ങളായ ഫോർഡോ, നതാൻസ്, എസ്ഫഹാൻ എന്നിവിടങ്ങളിൽ അമേരിക്ക ആക്രമണം നടത്തിയത്. ടെഹ്‌റാൻ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട സൗകര്യങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇറാന്റെ കഴിവുകൾ ദുർബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആക്രമണം.
യുഎസ് ആക്രമണം “അന്താരാഷ്ട്ര നിയമത്തിന്റെ എല്ലാ മാനദണ്ഡങ്ങളും ലംഘിക്കുന്നു” എന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അവരുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലെ ഒരു പോസ്റ്റിൽ പറഞ്ഞു, ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ പ്രകാരം ഇറാന് സ്വയം പ്രതിരോധിക്കാൻ എല്ലാ അവകാശവുമുണ്ടെന്ന് കൂട്ടിച്ചേർത്തു.
അടുത്ത വർഷത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് ട്രംപിനെ ഔദ്യോഗികമായി നാമനിർദ്ദേശം ചെയ്യാൻ തീരുമാനിച്ചതായി പാകിസ്ഥാൻ സർക്കാർ ശനിയാഴ്ച അറിയിച്ചിരുന്നു. പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറിനെ ഡൊണാൾഡ് ട്രംപിനൊപ്പം ഉച്ചഭക്ഷണത്തിനായി വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് പ്രസ്താവന വന്നത്.
“ഇന്ത്യ-പാകിസ്ഥാൻ പ്രതിസന്ധിയിൽ അദ്ദേഹം നടത്തിയ നിർണായക നയതന്ത്ര ഇടപെടലിനും നിർണായക നേതൃത്വത്തിനും അംഗീകാരമായി, 2026 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് പ്രസിഡന്റ് ഡൊണാൾഡ് ജെ ട്രംപിനെ ഔദ്യോഗികമായി ശുപാർശ ചെയ്യാൻ പാകിസ്ഥാൻ സർക്കാർ തീരുമാനിച്ചു,” എന്ന് അതിൽ പറഞ്ഞിരുന്നു.