ചണ്ഡീഗഢ്: ഹരിയാനയിലെ പഞ്ച്കുലയിൽ ആളൊഴിഞ്ഞ സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ ഒരു കുടുംബത്തിലെ ഏഴ് പേരെ മരിച്ച നിലയിൽ കണ്ടെത്തി. പഞ്ച്കുലയിലെ സെക്ടർ 27ലാണ് ഡെറാഡൂൺ സ്വദേശികളുടെ കാർ ഇന്നലെ രാത്രി കണ്ടെത്തിയത്. പ്രവീൺ മിത്തൽ, മാതാപിതാക്കൾ, ഭാര്യ, മൂന്ന് കുട്ടികൾ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധി കാരണം വിഷം കഴിച്ച് ആത്മഹത്യ ചെയ്തതെന്ന് പ്രാഥമിക നിഗമനം കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെയാണ് സംഭവം ഉണ്ടായത്. പഞ്ച്കുലയിലെ സെക്ടർ 27 ലെ ഒഴിഞ്ഞ സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന കാറിലാണ് ഏഴ് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
ഉത്തരാഖണ്ഡിൽ നിന്നുള്ള കുടുംബമാണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. 12ഉം, 13ഉം വയസ്സ് പ്രായമുള്ള രണ്ട് പെൺകുട്ടികളും 14 വയസുള്ള ഒരു ആൺകുട്ടിയും ഇവരുടെ അമ്മയും മുത്തശ്ശിയുമാണ് മരിച്ചത്. കാറിനുള്ളിൽ അച്ഛൻ മാത്രമാണ് ജീവനോടെ ഉണ്ടായിരുന്നത്. അദ്ദേഹത്ത ഉടൻ ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആളൊഴിഞ്ഞ സ്ഥലത്ത് കാർ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതോടെ വഴിയാത്രാക്കാരന് സംശയം തോന്നുകയായിരുന്നു.
തുടർന്ന് ഇയാൾ അടുത്ത് ചെന്ന് നോക്കിയതോടെയാണ് കാറിലെ യാത്രക്കാർ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ഇയാൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് കേസെടുത്ത് നിലവിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ചണ്ഡിമന്ദിർ എസ്എച്ച്ഒ ഇൻസ്പെക്ടർ രാംപാൽ വ്യക്തമാക്കി.