വത്തിക്കാൻ സിറ്റി: ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം ഇന്നാണ്. ചടങ്ങുകൾ ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് നടക്കുക. പാപ്പയുടെ കാർമികത്വത്തിലായിരിക്കും സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ കുർബാന. ചടങ്ങിൽ പങ്കെടുക്കുന്നതിനായി രാജ്യസഭാ ഉപാധ്യക്ഷന്റെ നേതൃത്വത്തിൽ ഇന്ത്യൻ സംഘം വത്തിക്കാനിലെത്തിയിട്ടുണ്ട്. അമേരിക്കൻ വൈസ് പ്രസിഡന്‍റ് ജെ.ഡി.വാൻസ് ഉൾപ്പെടെ നിരവധി ലോകനേതാക്കൾ ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ വത്തിക്കാനിൽ എത്തിയിട്ടുണ്ട്.
യുഎസിൽ നിന്നുള്ള കർദ്ദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രവോസ്തയെ മെയ് 8നാണ് പുതിയ മാർപാപ്പയായി തിരഞ്ഞെടുത്തത്. യുഎസിൽ നിന്നുള്ള ആദ്യ മാർപ്പാപ്പയാണ് അദ്ദേഹം. സ്ഥാന വസ്ത്രങ്ങൾ അണിഞ്ഞ് പുതിയ മാർപ്പാപ്പ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാൽക്കണിയിൽ എത്തി വിശ്വാസികളെ അഭിസംബോധന ചെയ്തിരുന്നു.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ നടക്കുന്ന സ്ഥാനാരോഹണ ചടങ്ങിൽ പതിനായിരക്കണക്കിന് ആളുകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചാൾസ് രാജാവിന് പകരം എഡിൻബർഗ് ഡ്യൂക്ക് രാജകുമാരൻ എഡ്വേർഡ് ചടങ്ങിൽ പങ്കെടുക്കും. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.