ദുബായ്: യുഎഇയുടെ കമ്മ്യൂണിറ്റി വർഷം ആഘോഷത്തിന്റെ ഭാഗമായി ദുബായിൽ എത്തിയ സന്ദർശകർക്ക് ഗ്ലോബൽ വില്ലേജിലേക്കുള്ള പ്രവേശന ടിക്കറ്റുകൾ സൗജന്യമായി വിതരണം ചെയ്തു. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും ദുബായ് ഗ്ലോബൽ വില്ലേജും ചേർന്നാണ് ഈ സംരംഭം നടപ്പിലാക്കിയത്.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയും ഹത്ത ബോർഡർ ക്രോസിംഗിലൂടെയോയും എത്തിയ യാത്രക്കാർക്കാണ് ഈ സൗജന്യ ടിക്കറ്റുകൾ സമ്മാനിച്ചത്. ദുബായിയുടെ സാംസ്കാരികവും വിനോദപരവുമായ ആകർഷണങ്ങൾ അനുഭവിക്കാൻ ഇത് സന്ദർശകർക്ക് മികച്ച അവസരമായിരിക്കും. ദുബായിയെ ഒരു ആഗോള ടൂറിസം ഹബ്ബായി വളർത്തിയെടുക്കാനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതി.

സന്ദർശകരുടെ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനായി തങ്ങൾ നിരന്തരം പുതിയ സംരംഭങ്ങൾ നടത്തുന്നു, ദുബായിയുടെ ആഗോള പ്രസക്തിയും സാംസ്കാരിക വൈവിധ്യവും ഉയർത്തിയെടുക്കുകയാണ് ലക്ഷ്യമെന്നും ഈ സഹകരണം സന്ദർശകരുടെ യാത്ര സമ്പന്നമാക്കുകയും ദുബായിയുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു