ജമ്മു കശ്മീർ: പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം ഭീകരതയ്ക്കെതിരെ കടുത്ത പ്രവർത്തനം തുടരുകയാണ് സുരക്ഷാ സേന. ഇതിന്റെ ഭാഗമായി പുൽവാമയിൽ സജീവമായിരുന്ന ഭീകരരുടെ രണ്ടുവീടുകൾ കൂടി സുരക്ഷാ സേന തകർത്തു.
താഴ്‌വാരക്കുള്ളിൽ സജീവമായിരുന്ന തീവ്രവാദികളുടെ രണ്ടു വീടുകൾ കൂടി സേന തകർത്തതായിട്ടാണ് റിപ്പോർട്ട്. 2023 ജൂൺ മുതൽ സജീവ ലഷ്‌കർ കേഡറായ എഹ്‌സാൻ അഹമ്മദ് ഷെയ്ക്കിന്റെ ഇരുനില വീട് സുരക്ഷാ സേന ഐഇഡി ഉപയോഗിച്ചാണ് തകർത്തത്. ഇയാൾ പുൽവാമ മുറാൻ സ്വദേശിയാണ്. രണ്ട് വർഷം മുൻപ് ലഷ്‌കറിൽ ചേർന്ന ഷാഹിദ് അഹമ്മദിന്റെ ഷോപ്പിയാനിലെ ചോട്ടിപോറ പ്രദേശത്തുള്ള വീടും സേന ബോംബിട്ട് തകർത്തു. ഇതോടെ പഹൽഗാം ആക്രമണത്തിന് ശേഷം അഞ്ച് ഭീകരരുടെ വീടുകളാണ് സുരക്ഷാ സേന തകർത്തത്.
2023 ൽ ലഷ്‌കറിൽ ചേർന്ന സാക്കിർ ഘാനിയുടെ മൂന്നാമത്തെ വീട് ഇന്നലെ രാത്രി കുൽഗാമിലെ ക്വിമോയിൽ സുരക്ഷാ സേന തകർത്തു. ഇതുവരെ ആദിൽ ഗോജ്രി (ബിജ്ബെഹാര), ആസിഫ് ഷെയ്ഖ് (ട്രാൽ), അഹ്‌സാൻ ഷെയ്ഖ് (പുൽവാമ), ഷാഹിദ് കുട്ടേ (ഷോപിയാൻ), സാക്കിർ ഘാനി (കുൽഗാം) എന്നിവരുടെ വീടുകളാണ് തകർത്തത്. ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 ഇന്ത്യൻ വിനോദ സഞ്ചാരികളുടെ ജീവനാണ് പൊലിഞ്ഞത്.