ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ ആദ്യമായി പ്രതികരിച്ച് പാക്ക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. സംഭവത്തിൽ നിഷ്പക്ഷ അന്വേഷണത്തിന് പാക്കിസ്ഥാൻ തയ്യാറാണെന്ന് ഷെഹബാസ് ഷെരീഫ് തയ്യാറാണെന്ന് വാർത്താ ഏജൻസിയായ എ.എഫ്.പി. റിപ്പോർട്ട് ചെയ്തു. പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാന്റെ പങ്കിനെ സംബന്ധിച്ച് ഇന്ത്യ അന്താരാഷ്ട്ര വേദികളിൽ അറിയിച്ചതിനെ തുടർന്നാണ് പാക്ക് പ്രധാനമന്ത്രിയുടെ പുതിയ നീക്കം.
കഴിഞ്ഞ രണ്ട് ദിവസമായി പ്രധാനമന്ത്രി നരേന്ദ്രമോദി 13 രാഷ്ട്രത്തലവൻമാരുമായി വിഷയം സംസാരിച്ചിരുന്നു. പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാന്റെ ഇടപെടൽ കൃത്യമായി ലോകനേതാക്കളെ ധരിപ്പിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.
കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രയുടെ നേതൃത്വത്തിലുള്ള മുതിർന്ന ഉദ്യോഗസ്ഥരും വിവിധ രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്ര പ്രതിനിധികളെ ആക്രമണത്തിൽ പാക്കിസ്ഥാനുള്ള പങ്ക് ധരിപ്പിച്ചിരുന്നു. കൂടാതെ വിവിധ ലോകരാഷ്ട്രങ്ങൾ സംഭവത്തിൽ അപലപിച്ചു രംഗത്തെത്തിയിരുന്നു. ഇതോടെയാണ് സംഭവത്തിൽ പ്രതികരണവുമായി പാക്ക് പ്രധാനമന്ത്രി രംഗത്തെത്തിയത്.