കശ്മീർ നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ. നിയന്ത്രണ രേഖയ്ക്ക് അപ്പുറത്ത് പാകിസ്ഥാൻ സൈന്യം പ്രകോപനമില്ലാതെ വെടിയുതിർത്തു. ഇന്ത്യൻ സൈന്യം തിരിച്ചടിക്കുകയും ചെയ്തു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഥിതിഗതികൾ നിയന്ത്രിതമാണെന്ന് സൈന്യം അറിയിച്ചു.
നിയന്ത്രണരേഖയിലെ വിവിധ സ്ഥലങ്ങളിൽ വെടിവയ്പ്പ് ഉണ്ടായതിനെത്തുടർന്ന് ഇന്ത്യൻ സൈന്യം പ്രതിരോധ നടപടികൾ സ്വീകരിച്ചു. അതിർത്തി സുരക്ഷ ഉറപ്പാക്കിക്കൊണ്ട് ഇന്ത്യൻ സൈന്യം സാഹചര്യത്തിന് ആനുപാതികമായി പ്രതികരിച്ചതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. പഹൽഗാം ഭീകരാക്രമണത്തിന് മൂന്ന് ദിവസത്തിന് ശേഷം വെള്ളിയാഴ്ചയും പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു.
അതേസമയം, ജമ്മു കശ്മീരിലെ ബന്ദിപ്പോര ജില്ലയിൽ വെള്ളിയാഴ്ച സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ വെടിവയ്പ്പ് ഉണ്ടായി. ഒളിച്ചിരുന്ന ഒരു ഭീകരന് പരിക്കേറ്റതായും മറുവശത്ത്, ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്റെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റതായും വൃത്തങ്ങൾ അറിയിച്ചു.