പ്രത്യാശയുടെയും സമാധാനത്തിന്റെയും ഉയിർപ്പ് തിരുനാളായ ഇന്ന് ലോകമെമ്പാടുമുള്ള ക്രിസ്തുമത വിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കുകയാണ്. ഗാഗുൽത്താമലയിലെ കുരിശിൽ മരണം വരിച്ച യേശു ക്രിസ്തു മൂന്നാം ദിവസം ഉയർത്തെഴുന്നേറ്റതിന്‍റെ ഓർമ്മ പുതുക്കിയാണ് വിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കുന്നത്. ഉപവാസത്തിന്റെയും പ്രാർഥനയുടെയും ദിനങ്ങൾ കടന്ന് പെസഹ, ദുഃഖവെള്ളി ശുശ്രൂഷകൾ പൂർത്തിയാക്കിയാണ് ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നത്.
പുതുജീവിതത്തിന്റെയും പ്രത്യാശയുടെയും പ്രതീകമായ മുട്ടകൾ ദേവാലയങ്ങളിൽ വിതരണം ചെയ്യും. പ്രത്യാശയുടേയും ആനന്ദത്തിന്റെയും ആശംസകൾ നേർന്നുകൊണ്ടാണ് ക്രൈസ്തവർ ഈസ്റ്റർ ആഘോഷങ്ങളിലേക്ക് കടന്നത്. വിദേശത്തുൾപ്പെടെയുള്ള ക്രിസ്തുമത വിശ്വാസികൾ ഇന്നലെ രാത്രി വിവിധ ദേവാലയങ്ങളിൽ നടന്ന ഈസ്റ്റർ ശുശ്രൂഷകളിൽ പങ്കെടുത്തു.