സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും റെക്കോർഡ് തിരുത്തി കുതിപ്പ് തുടരുകയാണ്. ഗ്രാമിന് 25 രൂപ കൂടി 8945 രൂപയിലെത്തി. പവന് 200 രൂപ കുതിച്ച് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 71560 രൂപയിലാണ് ഇന്നു വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ പവന് 840 രൂപ കൂടിയിരുന്നു. നാലു ദിവസത്തിനിടെ പ്രാദേശിക സ്വര്‍ണ്ണവിലയില്‍ ഉണ്ടായ വര്‍ധന 1800 രൂപയാണ്.
ഈ മാസം സ്വര്‍ണ്ണം തുടര്‍ച്ചയായി റെക്കോഡുകള്‍ തിരുത്തുകയാണ്. 68,080 ല്‍ മാസം തുടങ്ങിയ സ്വര്‍ണ്ണം ഇന്നലെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കായ 71,360 ല്‍ എത്തിയിരുന്നു. ഈ മാസം ഇതുവരെ സ്വര്‍ണ്ണവിലയിലെ കുതിപ്പ് 5,560 രൂപയാണ്. ഈ മാസം എട്ടിന് രേഖപ്പെടുത്തിയ 65,800 രൂപയാണ് മാസത്തെ പവന്റെ താഴ്ന്ന നിലവാരം.
ആഗോള വിപണികളിലെ വിലമാറ്റങ്ങളാണ് ഇതിനു പ്രധാന കാരണം. നിലവില്‍ ആഗോള വിപണിയില്‍ സ്വര്‍ണ്ണം ഔണ്‍സിന് 3,315.13 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. 24 മണിക്കൂറിനിടെ ആഗോള സ്വര്‍ണ്ണവിലയില്‍ 0.43% (14.22 ഡോളര്‍) കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഇതു പ്രാദേശിക വിപണികളില്‍ വലിയ കുറവിന് കാരണമായേക്കില്ല.
ഡോളര്‍ കരുത്താര്‍ജിക്കുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. ആഗോള വിപണിയിലെ സ്വര്‍ണ്ണവില മാറ്റങ്ങള്‍ ഡോളറില്‍ ആയതിനാല്‍ തന്നെ നേരിയ വിലമാറ്റങ്ങള്‍ പോലും പ്രാദേശിക വിലയില്‍ വലിയ മാറ്റങ്ങള്‍ക്കു വഴിവയ്ക്കും. ഡോളര്‍- രൂപ വിനിമയ നിരക്കും ഇവിടെ പ്രധാനമാണ്. ആഗോള തലത്തില്‍ താരിഫ് യുദ്ധം സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യ, പണപ്പെരുപ്പ ഭീതികയാണ് സ്വര്‍ണ്ണത്തിലെ കുതിപ്പിന് കാരണമാകുന്നത്.