പാകിസ്ഥാന്റെ അഗാധമായ ചരിത്രത്തെയും സാംസ്കാരിക പൈതൃകത്തെയും അനുസ്മരിക്കാൻ കഴിയുന്ന തരത്തിലുള്ളതാണ് ഗ്ലോബൽ വില്ലേജിലെ പാകിസ്ഥാൻ പവലിയൻ. വാസ്തുവിദ്യാ വിസ്മയങ്ങൾ നിറഞ്ഞ പാക് കവാടത്തിന് അകത്തുകടന്നാൽ പിന്നെ പരമ്പരാഗത ഷോപ്പിംഗ് അനുഭവങ്ങൾ ആണ് ആസ്വദിക്കാൻ കഴിയുക. ഈ പവലിയനിൽ എത്തിയാൽ തുണിത്തരങ്ങളുടെ നിറഞ്ഞ ശേഖരമാണ്. കമ്പിളി വസ്ത്രങ്ങളും ഒറിജിനൽ തുകൽ വസ്ത്രങ്ങളുമാണ് ചെറുകടകളിൽ വിൽക്കുന്നത്.

വസ്ത്രവൈവിധ്യങ്ങളാണ് പാകിസ്ഥാൻ പവിലിയനെ വ്യത്യസ്തമാക്കുന്നത്. ടെക്സ്റ്റൈൽ വ്യവസായം പാകിസ്ഥാനിലെ ഏറ്റവും വലിയ നിർമ്മാണ വ്യവസായമാണ്. ഏകദേശം 25 ദശലക്ഷം ആളുകൾ ഈ വ്യവസായത്തിൽ ജോലി ചെയ്യുന്നു ഏഷ്യയിലെ ടെക്സ്റ്റൈൽ ചരക്കുകളുടെ കയറ്റുമതിയിൽ എട്ടാമത്തെ വലിയ രാജ്യമാണ് പാകിസ്ഥാൻ. ടെക്സ്റ്റൈൽ മേഖല പാക്കിസ്ഥാൻ്റെ ജിഡിപിയിൽ 8.5% സംഭാവന ചെയ്യുന്നു. ചൈനയ്ക്കും ഇന്ത്യയ്ക്കും ശേഷം ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ പരുത്തി ഉൽപ്പാദിപ്പിക്കുന്ന രാജ്യം കൂടിയാണ് പാകിസ്ഥാൻ.

ഈ കടകളിൽ നിന്നെല്ലാം ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാം. വിലക്കുറവും ഇവിടുത്തെ പ്രത്യേകതയാണ്. വിവിധ തരത്തിലുള്ള സാരികൾ ചുരിദാറുകൾ ഷാളുകൾ, തുകൽ- കമ്പിളി വസ്ത്രങ്ങൾ അങ്ങനെ നിറഞ്ഞ ഒരു തെരുവാണ് ഈ പാക്കിസ്ഥാൻ പവിലിയനുള്ളിൽ കാണുവാൻ സാധിക്കുക. ഒറിജിനൽ തുകൽ വസ്ത്രങ്ങൾ, ജാക്കറ്റുകൾ എന്നിവയെല്ലാം തിങ്ങി നിറഞ്ഞിരിക്കുന്ന കാഴ്ച്ചകൾ കാണേണ്ടതുതന്നെയാണ്. വിലപേശി വാങുന്നവരെയും ഇവിടെ കാണാം. സ്ത്രീകളെയും കുട്ടികളെയും മാടിവിളിച്ചുകൊണ്ട് തിളങ്ങുന്ന വസ്ത്രങ്ങളും ഇവിടെ സുലഭമാണ്. ഇഷ്ടമുള്ള തുണിത്തരങ്ങൾ വേണ്ടത്ര മുറിച്ചെടുക്കാനും സാധിക്കും. അടുക്കിലെടുക്കി വച്ചിരിക്കുന്ന ഷാളുകൾ കാണാൻ തന്നെ നല്ല ഭംഗിയാണ്. തുണിത്തരങ്ങൾ നിവർത്തി വിരിച്ച ഗുണനിലവാരം വിവരിച്ചാണ് ഇവർ കച്ചവടം നടത്തുന്നത്. 50 ദിർഹംസ് മുതൽ 500 ദിർഹംസും അതിന് മുകളിലുള്ള തുണിത്തരങ്ങളും ഇവിടെ ഉണ്ട്. വിലപേശിയാണ് പലപ്പോഴും വ്യാപാരം നടക്കുന്നത്.

പാകിസ്ഥാൻ ലെതർ വ്യവസായം പേരുകേട്ടതാണ്. ഒറിജിനൽ ലെതർ ഉത്പന്നങ്ങളാണ് ഇവിടെ ഉള്ളത്. വിവിധതരത്തിലുള്ള ബാഗുകളും പഴ്സുകളും, ചെരുപ്പുകളും എല്ലാം ഇവിടെ ധാരാളം ഉണ്ട്. കല്ലുകളും മുത്തുകളും പതിപ്പിച്ച ചെരുപ്പുകളും എന്തുവേണമെങ്കിലും തിരഞ്ഞെടുക്കാം. കണ്ടാൽ തന്നെ വാങ്ങുവാൻ തോന്നുന്നവ. ചെരുപ്പുകൾ എല്ലാ വർണ്ണവൈവിദ്ധ്യങ്ങളോട് കൂടിയതാണ്. ഈ ലെതർ ഉത്തപ്പനങ്ങൾ എല്ലാം ഡ്യൂപ്ലിക്കേറ്റ് അല്ലെന്നു വിശ്വസിപ്പിക്കാൻ ഇവ ചെറിയ ലൈറ്റർ ഉപയോഗിച്ച് കത്തിക്കുമ്പോൾ ഒരു പാടുപോലും വരില്ലെന്ന് ഉറപ്പു വരുത്തിയാണ് വില്പന. രാജ്യത്തെ തുകൽ ഉത്പന്നങ്ങൾ കയറ്റുമതി വരുമാനത്തിൻ്റെ കാര്യത്തിൽ തുണിത്തരങ്ങൾക്ക് ശേഷം രണ്ടാം സ്ഥാനത്താണ്.

മാര്ബിളിലും മറ്റുകല്ലുകളിലും നിർമ്മിച്ചിരിക്കുന്ന മിഴിവാർന്ന വസ്തുക്കൾ പവലിയനിലെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയാണ്. വീടുകൾ മോടി പിടിപ്പിക്കുന്നവ മുതൽ നിത്യേന ഉപയോഗിക്കാൻ കഴിയുന്നവ വരെ. എത്ര പൂർണ്ണതയോടെയാണ് ഇവ നിർമ്മിച്ചിരിക്കുന്നത് എന്ന് എടുത്തുപറയേണ്ടതാണ്. വീട്ടുപകരങ്ങൾ മുതൽ കൗതുവകവസ്തുക്കൾ, ഗ്ലാസ്സുകൾ, ചായ കപ്പുകൾ അങ്ങനെ നിരവധി വസ്തുക്കൾ. മിനുമിനുത്ത പാത്രങ്ങളും കൂജകൾ ചെറുഭരണികൾ ആമയും താറാവും ആപ്പിളും മുന്തിരി തുടങ്ങിയ പഴവർഗ്ഗങ്ങളും എല്ലാം എത്ര പൂർണ്ണതയോടയാണ് കല്ലുകളിൽ തീർത്തിരിക്കുന്നത് എന്നത് പറയാതെ വയ്യ. ആവശ്യമില്ലെങ്കിലും കണ്ടാൽത്തന്നെ വാങ്ങിപ്പോകും. പാകിസ്താനിലെ വൈവിധ്യങ്ങൾ അടങ്ങിയ നിറഞ തെരുവിലൂടെ നടക്കുന്ന അനുഭവമാണ് ഇവിടെ എത്തിയാൽ.