പുണ്യമാസമായ റമദാനെ വരവേൽക്കാൻ ഗ്ലോബൽ വില്ലേജും ഒരുങ്ങിക്കഴിഞ്ഞു. റംസാൻ പ്രമേയങ്ങളിലുള്ള അലങ്കാരങ്ങളൊരുക്കിയാണ് ഇക്കുറി ഗ്ലോബൽ വില്ലജ് സന്ദർശകരെ സ്വീകരിക്കുക. റംസാനിൽ കുടുംബങ്ങൾക്കുൾപ്പെടെ ആസ്വദിക്കാവുന്ന രീതിയിലാണ് ഒരുക്കങ്ങൾ. ഓരോ റംസാനിലും പുതിയ അനുഭവങ്ങളാണ് ഗ്ലോബൽ വില്ലേജ് മുന്നോട്ടുവെക്കാറുള്ളത്. മുൽതാഖയാണ് ഈ വർഷത്തെ സവിശേഷത. പുണ്യമാസ പൈതൃകത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ട് നിർമിച്ച ഇരിപ്പിടങ്ങളുള്ള പ്രദേശമാണ് മുൽതാഖ. മജ്‌ലിസ് ശൈലിയിലാണ് മുൽതാഖ നിർമ്മിച്ചിരിക്കുന്നത്. കാഴ്ചകൾകണ്ടശേഷം വിശ്രമിക്കാനൊരുക്കിയ മുൽതാഖയിൽ ഭക്ഷണം കഴിക്കാനും കുടുംബങ്ങൾക്ക് സമയം ചെലവിടാനും സൗകര്യമൊരുക്കിയിട്ടുണ്ട്. പ്രധാന സ്റ്റേജിനും ഡ്രാഗൺ തടാകത്തിനുമിടയിലായി ഗ്ലോബൽ വില്ലേജിന്റെ ഹൃദയഭാഗത്താണ് മുൽതാഖ ഇരിപ്പിടങ്ങളുള്ളത്.

റംസാനിലെ പ്രവർത്തനസമയവും ഗ്ലോബൽ വില്ലജ് പ്രഖ്യാപിച്ചു. ഞായർമുതൽ ബുധൻവരെ വൈകീട്ട് അഞ്ചുമുതൽ അർധരാത്രി ഒന്നുവരെയും വ്യാഴംമുതൽ ശനിവരെ വൈകീട്ട് അഞ്ചുമുതൽ അർധരാത്രി രണ്ടുവരെയും ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കും.

ദുബായ് നഗരത്തിൽ ദുബായ് ലാൻഡ് എന്ന പ്രദേശത്ത് സംഘടിപ്പിക്കുന്ന വിനോദ കച്ചവട പ്രദർശനമാണ് ഗ്ലോബൽ വില്ലേജ് . ലോകത്തിലെ ഏറ്റവും വലിയ വിനോദ കച്ചവട പ്രദർശനമാണെന്ന് അവകാശപ്പെടുന്ന ഈ പ്രദർശനത്തിനായി അമ്പതിലധികം രാജ്യങ്ങളിൽ നിന്ന് കച്ചവടക്കാരും കലാകാരന്മാരും വിനോദസഞ്ചാരികളും വരുന്നുണ്ട്. 90 സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന 30 പവിലിയനുകളിൽ സന്ദർശകർക്ക് അവിസ്മരണീയ ഷോപ്പിങ്ങിനും അവസരമുണ്ട്.