തിരുവനന്തപുരം: വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങിയാൽ വെടിവെച്ച് കൊല്ലണമെന്നാണ് തന്റെയും പാർട്ടിയുടെയും അഭിപ്രായമെന്നും നിയമം അതിന് അനുവദിക്കുമോ ഇല്ലയോ എന്നുള്ളത് അടുത്ത ചോദ്യമാണെന്നും ജോസ് കെ.മാണി വ്യക്തമാക്കി. വന്യജീവി ആക്രമണത്തിൽ കേന്ദ്ര സർക്കാറിനെതിരെ കേരള കോൺഗ്രസ് എമ്മിന്റെ പ്രതിഷേധം വ്യാഴാഴ്ച നടക്കാനിരിക്കെയാണ് പ്രതികരണം.
കർഷകരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം കേന്ദ്ര സർക്കാറിനെന്ന പോലെ സംസ്ഥാന സർക്കാറിനുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വനം വകുപ്പ് നിഷ്ക്രിയമാണ്. വന്യജീവി ആക്രമണങ്ങളിൽ നിന്ന് ജനങ്ങളെ അവർ സംരക്ഷിക്കില്ലെന്നും ജോസ് കെ.മാണി പറഞ്ഞു.
വന്യമൃഗശല്യം തുടരുന്ന സാചഹര്യത്തിൽ 1972-ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഉടൻ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ്-എം പാർട്ടി ചെയർമാൻ ജോസ് കെ. മാണിയുടെയും മന്ത്രി റോഷി അഗസ്റ്റിന്റെയും നേതൃത്വത്തിലാണ് വ്യാഴാഴ്ച ഡൽഹിയിൽ ധർണ നടത്താനൊരുങ്ങുന്നത്. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ ചട്ടങ്ങൾ കാലോചിതമായി ഭേദഗതി ചെയ്യണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും കേന്ദ്രം നടപടിയെടുക്കുന്നില്ലെന്നാണ് കേരള കോൺഗ്രസ് എമ്മിന്റെ ആക്ഷേപം.