തിരുവനന്തപുരം: പ്രമുഖ സിപിഎം നേതാവ് അനിരുദ്ധൻ്റെ മകനും CPM നേതാവ് A.സമ്പത്തിൻ്റെ അനുജനുമായ കസ്തൂരി അനിരുദ്ധൻ ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ലാ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. ഹിന്ദു ഐക്യ വേദി നേതാവ് ശശികല ടീച്ചറാണ് കസ്തൂരിയെ തിരഞ്ഞെടുത്ത വിവരം സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്. എസ്എഫ്ഐ നേതാവും തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിന്റെ യൂണിയൻ ചെയർമാനുമായിരുന്നു കസ്തൂരി.
ദീർഘകാലം സിപിഐ എം ജില്ലാകമ്മിറ്റി അംഗമായും ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായും പ്രവർത്തിച്ചിരുന്നു. സിഐടിയു ജില്ലാ പ്രസിഡന്റായും സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. സിഐടിയു അഖിലേന്ത്യ വർക്കിങ് കമ്മിറ്റി അംഗമായിരുന്നു. പട്ടം താണുപിള്ള പഞ്ചാബ് ഗവർണറായതിനെത്തുടർന്ന് 1963ൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച് നിയമസഭാംഗമായി. 1965ൽ ജയിലിൽകിടന്നുകൊണ്ട് തിരുവനന്തപുരം മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ച് മുഖ്യമന്ത്രിയായിരുന്ന ആർ ശങ്കറിനെ പരാജയപ്പെടുത്തി. ശങ്കറിനെതിരെ ജയിലിൽ നിന്നും മത്സരിച്ച് ജയിച്ച അനിരുദ്ധനെ ‘ജയൻറ് കില്ലർ’ എന്നാണ് മാധ്യമങ്ങൾ വിശേഷിപ്പിച്ചത്.
1967 വീണ്ടും ആർ ശങ്കറെ ചിറയിൻകീഴിൽ പരാജയപ്പെടുത്തി. ’79ൽ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തിൽനിന്ന് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചു. ’80ൽ തിരുവനന്തപുരം നോർത്ത് മണ്ഡലത്തിൽനിന്ന് നിയമസഭാംഗമായി. 89ൽ തിരുവനന്തപുരം ജില്ലാ കൌൺസിലിന്റെ പ്രഥമ പ്രസിഡന്റായി. തിരുവനന്തപുരം ജില്ലയിൽ സി.പി.എം. കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവ്. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സമിതി അംഗമായിരുന്നു അദ്ദേഹം. പാർട്ടി പിളർന്നപ്പോൾ സി.പി.എം. നൊപ്പം നിന്നു. 2018 ഒക്ടോബർ 5-നാണ് അനിരുദ്ധൻ അന്തരിച്ചത്.